പണം നല്‍കിയാല്‍ കണ്ണൂര്‍ ജയിലില്‍ കഞ്ചാവും ലഹരി വസ്തുക്കളും സുലഭം, മൊബൈല്‍ ഉപയോഗിക്കാനും സൗകര്യം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളികള്‍ക്ക് എല്ലാ സൗകര്യവുമെന്ന് ഗോവിന്ദച്ചാമി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവു പുള്ളികള്‍ക്ക് കഞ്ചാവും ലഹരി വസ്തുക്കളുമടക്കം എല്ലാ സൗകര്യവും ലഭിക്കുമെന്ന് ജയില്‍ ചാടി പിടിക്കപ്പെട്ട കൊടുംകുറ്റവാളി ഗോവിന്ദച്ചാമി. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ണൂര്‍ ജയിലിനകത്ത് സുലഭമാണെന്നും ഇത് എത്തിച്ചു നല്‍കുന്നതിന് ആളുകളുണ്ടെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ കുറിച്ച് ഇത്തരത്തില്‍ ആക്ഷേപം ഉയര്‍ന്നതാണ്. കണ്ണൂര്‍ ജയിലിലെ ടി പി വധക്കേസിലെ പ്രതികളുടെ മൊബൈല്‍ ഉപയോഗം അടക്കം സിപിഎമ്മിനും ഇടത് സര്‍ക്കാരിനും വിമര്‍ശനമുണ്ടാക്കിയതാണ്.

ഇപ്പോള്‍ കൊടുംകുറ്റവാളിയായി ശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവും തടവുകാര്‍ക്ക് ലഹരി അടക്കം എല്ലാ സൗകര്യവും കിട്ടുന്നവെന്ന മൊഴിയും സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യാളുന്ന ആഭ്യന്തരവകുപ്പിനേയും വിവാദത്തിലാക്കി കഴിഞ്ഞു. ലഹരി വസ്തുക്കള്‍ പണം കൊടുത്താല്‍ കിട്ടുമെന്നും ഇതിന് ജയിലില്‍ ആളുകള്‍ ഉണ്ടെന്നും മൊബൈല്‍ ഉപയോഗിക്കാനും ജയിലില്‍ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ തടവുകാര്‍ക്ക് യഥേഷ്ടം ലഹരി വസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നതും ജയില്‍വകുപ്പിനും പ്രത്യേകിച്ച് ആഭ്യന്തരവകുപ്പിന് മേല്‍ വലിയ വിമര്‍ശനം ഉയരുകയും ചെയ്തതാണ്.

ഗോവിന്ദച്ചാമിയെ പോലുള്ള ഒരു കുറ്റവാളി പോലും ജയിലിലെ സൗകര്യങ്ങളെ കുറിച്ച് പുറത്തുപറയുകയും ചെയ്തതോടെ നേരത്തെ ഉണ്ടായ ആക്ഷേപങ്ങളൊക്കെ സ്ഥിരീകരിക്കുന്ന തരത്തില്‍ ഗോവിന്ദച്ചാമിയുടെ മൊഴി പുറത്തുവരുകയും ചെയ്തതോടെ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ പിഴവുകളും പരാജയവും വീണ്ടും ചര്‍ച്ചയാവുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിട്ടുന്ന ഇത്തരം സേവനങ്ങള്‍ക്ക് എല്ലാത്തിനും പ്രത്യേകം പണം നല്‍കണമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളാണ് ജയില്‍ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവും പിന്നാലെ അയാള്‍ നല്‍കിയ മൊഴിയും.

കണ്ണൂരില്‍ മാത്രമല്ല, ജയിലിലാകുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേ മുതല്‍ പ്രതിപക്ഷം ഉന്നയിക്കുന്നതും ചിലതെല്ലാം മറനീക്കി പുറത്തുവന്നതുമാണ്. കണ്ണൂരില്‍ സിപിഎം നേതാക്കളായ ജയില്‍ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണ് ജയിലില്‍ വഴിവിട്ട കാര്യങ്ങള്‍ നടക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി കണ്ണൂര്‍ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതുവരെ നേരത്തെ പുറത്തു വന്നിരുന്നു. കൊടി സുനി പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വര്‍ണക്കടത്തും നിയന്ത്രിച്ചതും വരെ പുറത്തുവന്നിരുന്നു.

Read more

നല്ല ഭക്ഷണവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകളും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിലില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ചില തടവുകാര്‍ക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നതുകൊണ്ടായിരിക്കാം ഗോവിന്ദച്ചാമിയും ലഹരി മരുന്ന് വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നതെന്ന സംശയം ഇതോടെ ശക്തമായി.