ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരവുമായി സര്‍ക്കാര്‍; വൈദ്യുതിയ്ക്ക് പിന്നാലെ വെള്ളക്കരവും വര്‍ദ്ധിപ്പിക്കും

ജനത്തിന് ഇരട്ടി പ്രഹരവുമായി സര്‍ക്കാര്‍. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും വര്‍ദ്ധിപ്പിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 1 മുതല്‍ 5 ശതമാനം വരെ നിരക്ക് വര്‍ദ്ധിപ്പിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി സര്‍ക്കാരിന് ഫെബ്രുവരിയില്‍ ശിപാര്‍ശ നല്‍കും.

2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ദ്ധനവ് തുടരുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലിറ്ററിന് ഒരു പൈസ വര്‍ദ്ധിപ്പിച്ചിരുന്നു. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് വര്‍ദ്ധന. എല്ലാ വര്‍ഷവും ഇത് തുടരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.

അതേ സമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. യൂണിറ്റിന് 20 പൈസ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ളതാണ് റഗുലേറ്ററി കമ്മീഷന്‍ ഇറക്കിയ ഉത്തരവ്. 2024 ജൂണ്‍ 30 വരെയാണ് പുതിയ നിരക്ക്. നിരക്ക് വര്‍ധനവിലൂടെ 531 കോടി രൂപയുടെ അധിക വരുമാനമാണ് കെഎസ്ഇബിക്ക് ലഭിക്കുക.

എന്നാല്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കളെ നിരക്ക് വര്‍ധന ബാധിക്കില്ല. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപ അധികം നല്‍കേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികം നല്‍കേണ്ടി വരും. താരിഫ് വര്‍ദ്ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.