തിരുവനന്തപുരത്ത് ഒരു മന്ത്രി മന്ദിരം കൂടി പണിയാന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് ഒരു മന്ത്രി മന്ദിരം കൂടി പണിയാന്‍ ഒരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് വളപ്പിലാണ് പുതിയ മന്ദിരത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരാണ് ഉള്ളത്. എന്നാല്‍ 20 മന്ത്രി മന്ദിരങ്ങള്‍ മാത്രമാണ് നിലവിലുള്ളത്.

കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന് വേണ്ടിയാണ് പുതിയ മന്ത്രി മന്ദിരം പണിയുന്നത്. നിലവില്‍ അബ്ദുറഹ്‌മാന്‍ ഒഴികെ എല്ലാ മന്ത്രിമാര്‍ക്കും ഒദ്യോഗിക വസതിയുണ്ട്. വാടകയടക്കം കനത്ത ചെലവുകളാണ് അബ്ദുറഹ്‌മാന്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന് ഉള്ളത്. ഈ ചെലവുകള്‍ ഒഴിവാക്കുന്നതിനായാണ് ഒരു മന്ത്രിമന്ദിരം കൂടി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. റോസ് ഹൗസിന്റെ ഒരു ഭാഗത്ത് പുതിയ മന്ത്രി മന്ദിരം നിര്‍മ്മിക്കുന്നതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് വളപ്പില്‍ പ്രശാന്ത്, പെരിയാര്‍, പൗര്‍ണമി, അശോക, നെസ്റ്റ്, പമ്പ, എസ്സെന്‍ ഡെന്‍ എന്നിങ്ങനെ ഏഴ് മന്ത്രി മന്ദിരങ്ങളാണ് ഉള്ളത്. കാവേരി, ഗംഗ, നിള, ഗ്രെയ്സ് എന്നീ നാല് മന്ത്രി മന്ദിരങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസ് വളപ്പിലും ഉണ്ട്. രാജ്ഭവനു അടുത്തായി മന്‍മോഹന്‍ ബംഗ്ലാവും അജന്തയും കവടിയാര്‍ ഹൗസുമുണ്ട്. ഇത് കൂടാതെ നന്ദന്‍ കോട് രണ്ടും വഴുതക്കാട് മുന്നും മന്ത്രിമന്ദിരങ്ങളുണ്ട്.