എന്റെ പൊന്നേ..., കേരളത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് 46480 രൂപ

കേരളത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ഇന്നു പവന് 600 രൂപ വര്‍ദ്ധിച്ചതോടെ 46480 രൂപയായി.
അതേസമയം, ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയിലെത്തി. 45,920 രൂപയായിരുന്നു ഇതിനുമുന്‍പ് ഉയര്‍ന്ന സ്വര്‍ണവില. നവംബര്‍ 13ന് 44,360 ആയിരുന്നു പവന്‍ വില.

ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.

ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. റഷ്യ-യുക്രയിന്‍, ഇസ്രയേല്‍-ഹമാസ് യുദ്ധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കും. ഡോളറിന്റെ മൂല്യം കുറയുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ സ്വര്‍ണ്ണ വിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും, ചൈനയില്‍ പുതിയ പനി പടരുന്നതായുള്ള വാര്‍ത്തയും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായി. ഡോളര്‍ ഇന്‍ഡക്സ് 102ലേക്ക് ഇടിഞ്ഞിരിക്കുകയാണ്. നേരത്തെ ഇത് 107 വരെ ഉയര്‍ന്ന ശേഷം ഇടിയുകയായിരുന്നു.