ശബരിമലയിലെ ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല

ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് സ്റ്റാലിൻ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. അതേസമയം സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍ പങ്കെടുക്കും. തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐ ടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

അയ്യപ്പ സംഗമത്തിലേക്ക് എംകെ സ്റ്റാലിനെ ക്ഷണിച്ചതിനെതിരായ ബിജെപി രം​ഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സിപിഎം സർക്കാർ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് ഒരു നാടകവും “ജനങ്ങളെ വിഡ്ഢികളാക്കാനുള്ള” കുതന്ത്രത്തിന്‍റെ ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞിട്ട് മാത്രമേ പിണറായിക്കും സ്റ്റാലിനും അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളു എന്നും ബിജെപി പറഞ്ഞിരുന്നു.

അയ്യപ്പഭക്തർക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് പിണറായി വിജയൻ സർക്കാർ മാപ്പ് പറയണം. സ്റ്റാലിനും മകൻ ഉദയനിധിയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ. ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയിൽ പങ്കെടുക്കാനും ശ്രമിച്ചാൽ, ബിജെപിയുടെ ഓരോ പ്രവർത്തകനും ഇതിനെതിരെ തെരുവിലിറങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 20ന് പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

Read more