ബജറ്റിന്റെ മുഖചിത്രമായി ഗാന്ധിയുടെ അന്ത്യ നിമിഷങ്ങൾ; രാഹുൽ ഗാന്ധി പങ്കുവച്ച ചിത്രം വരച്ചത് മലയാളി

ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിന്റെ മുഖചിത്രം ഗാന്ധിയുടെ അന്ത്യനിമിഷങ്ങൾ സാങ്കല്‍പികമായി ആലേഖനം ചെയ്തിരിക്കുന്ന ഒരു പെയിന്റിംഗ് ആണ്. നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറെ പ്രസക്തിയുള്ള ഈ ചിത്രം നേരത്തെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗാന്ധിജിയുടെ 72-ാം രക്തസാക്ഷി ദിനത്തില്‍ രാഹുല്‍ ഗാന്ധിയും വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറുമുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ചിത്രം പങ്കുവെച്ചിരുന്നു.

എന്നാൽ ഈ ചിത്രം വരച്ചത് ആരെന്ന് മനസ്സിലാക്കാതെയോ ചിത്രകാരന്റെ പേര് സൂചിപ്പിക്കാതെയോ ആണ് പലരും ഈ ചിത്രം പങ്കുവെച്ചത്. ഇതിനെതിരെ ചിത്രകാരൻ തന്നെ തന്റെ ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. മലയാളിയും മൂവാറ്റുപുഴ സ്വദേശിയുമായ ടോം വട്ടക്കുഴിയുടെ ഡെത്ത് ഓഫ് ഗാന്ധിയെന്ന ചിത്രമാണ് 2020-2021 സംസ്ഥാന ബജറ്റിന്റെ മുഖചിത്രമായിരിക്കുന്നത്. നവോത്ഥാന നായകനായ അയ്യങ്കാളിയും, പഞ്ചമിയും മുഖചിത്രമായ ബജറ്റ് പ്രസംഗമായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.

https://www.facebook.com/tom.vattakuzhy/posts/2903634129668702

ചിത്രകാരനായ ടോം വട്ടക്കുഴിയുടെ ഗാന്ധിജിയെക്കുറിച്ചുള്ള ഈ ചിത്രം 2019 ജൂണ്‍ മധ്യത്തിലാണ് പൂര്‍ത്തിയായത്. പിന്നീട് അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കു വെച്ചിരുന്നു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാഹുൽ ഗാന്ധി ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത് ചിത്രത്തെ പെട്ടന്ന് ജനകീയമാക്കി.

ഗാന്ധി മ്യൂസിയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഗാന്ധിജിയുടെ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള ഫോട്ടോഗ്രാഫുകള്‍ എടുത്തു മാറ്റിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അതിനിടയിലാണ് ടോം വട്ടക്കുഴിയുടെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതും ഇപ്പോള്‍ കേരള ബജറ്റ് 2020-21 ന്റെ കവര്‍ ചിത്രമായിരിക്കുന്നതും.