പാർട്ടിയിൽ പിന്നോക്കക്കാരെ വളരാൻ കൊടിക്കുന്നിൽ അനുവദിക്കുന്നില്ല; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി അദ്ദേഹം മാറിയെന്ന് ജി. രതികുമാർ

കെപിസിസി വർക്കിം​ഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെതിരെ ആരോപണവുമായി കോൺ​ഗ്രസ് വിട്ട  ജി രതികുമാർ രം​ഗത്ത്. പാർട്ടിയിൽ പിന്നോക്കക്കാരെ വളരാൻ കൊടിക്കുന്നിൽ അനുവദിക്കുന്നില്ലെന്ന് രതികുമാർ ആരോപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി കൊടിക്കുന്നിൽ മാറി. അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്നും രതികുമാർ ആവശ്യപ്പെട്ടു.

കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ജി രതികുമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് ഇന്നലെയാണ് സിപിഎമ്മിൽ ചേർന്നത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു രതികുമാർ അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.  സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുദേവന് ഒപ്പമെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. കോൺഗ്രസ് വിട്ടെത്തിയ രതികുമാറിന് അർഹമായ സ്ഥാനം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് തള്ളുന്ന മാലിന്യങ്ങളെ സ്വീകരിക്കുന്ന സിപിഎം നയം രാഷ്ട്രീയ പാപ്പരത്തമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. മാറ്റത്തിന് തടസ്സം നില്‍ക്കുന്ന ഒരുപാട് മാലിന്യങ്ങള്‍ നമ്മള്‍ തള്ളും. ആ മാലിന്യം എടുക്കാന്‍ സിപിഎം സ്വീകരിക്കുന്ന നയം അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണ്. പ്രമുഖ നേതാക്കള്‍ പോലും പാര്‍ട്ടി വിടുകയല്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരാണ് പ്രമുഖ നേതാക്കള്‍ എന്നും നേതാക്കള്‍ ഒരു നേതാവ് എന്നു പറഞ്ഞാല്‍ എന്താണെന്നും സുധാകരന്‍ ചോദിച്ചു.