ഫാ. പോള്‍ തേലക്കാട്ടിനെ കേസില്‍ കുടുക്കിയതെന്ന് ആരോപണം; ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ സഭയ്ക്കുള്ളിലെ ഉന്നതര്‍; സിനഡില്‍ രേഖ നല്‍കിയ ബിഷപ്പിനെ ഒഴിവാക്കിയെന്നും ആക്ഷേപം

സിറോ മലബാര്‍ സഭയുടെ മുന്‍ വക്താവും മുതിര്‍ന്ന വൈദികനുമായ ഫാ. പോള്‍ തേലക്കാട്ടിനെ കേസില്‍ കുടുക്കിയതില്‍ പിന്നില്‍ ഗൂഢാലോചനയെന്ന് ആക്ഷേപം. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ നിലപാട് സ്വീകരിച്ചതും, ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിലപാട് കടുപ്പിച്ചതുമൊക്കെയാണ് ഫാ. തേലക്കാട്ടിനെ സിറോ മലബാര്‍ സഭയിലെ ഒരു വിഭാഗത്തിന്റെ നോട്ടപ്പുള്ളിയാക്കിയിരുന്നത്. ഇതിന്റെ പ്രതികാരമായാണ് ബിഷപ്പുമാരും ചില വൈദികരും ചേര്‍ന്ന് തേലക്കാട്ടിനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

Read more

ജനുവരിയില്‍ കൊച്ചിയില്‍ ചേര്‍ന്ന സിറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് ചേരുന്നതിനിടെ ആലഞ്ചേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ ചില രേഖകള്‍ ഫാ. തേലക്കാട്ടിന് ലഭിച്ചിരുന്നു. ഇത് അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം വഹിക്കുന്ന പാലക്കാട് രൂപതാധ്യക്ഷന്‍ ജേക്കബ് മനന്തോടത്തിന് കൈമാറി. ഈ രേഖകള്‍ സിനഡില്‍ വെച്ചതും ചര്‍ച്ച നടത്തിയുമൊക്കെ അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനന്തോടത്തായിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ കേസില്‍ കുടുങ്ങിയത് തേലക്കാട്ടായിരുന്നു. ജേക്കബ് മനന്തോടത്തിനെതിരെ കേസ് എടുക്കാതെ ഫാ. പോള്‍ തേലക്കാട്ടിനെതിരെ മാത്രം കേസെടുത്തതില്‍ സഭയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.