യോഗേഷ് ഗുപ്തയ്ക്കു വേണ്ടി മുന്‍മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ശ്രീവാസ്തവയുടെ ചരടുവലി; ഐപിഎസ് നിയമനങ്ങളില്‍ ഇടപെട്ട് 'അവതാരങ്ങളും'

വിഡി സതീശന്‍ സര്‍ക്കാരിന്റെ പൊലീസിലെ അഴിച്ചുപണി വരാനിരിക്കെ ഉന്നത പദവികള്‍ ഉറപ്പിക്കാനായി ‘അവതാരങ്ങളുടെ’ വന്‍ പട തന്നെ ഇറങ്ങിയിരിക്കുന്നുവെന്നാണ് ആഭ്യന്തരത്തിലെ ഇപ്പോഴത്തെ അകത്തള സംസാരം. പൊലീസ് ആസ്ഥാനത്തെ എഡിജിപി മുതല്‍ ക്രമസമാധാന ചുമതലയുളള എഡിജിപി , ക്രൈംബ്രാഞ്ച് എഡിജിപി , ഇന്റലിജന്‍സ് മേധാവി തുടങ്ങി എസ്പിമാര്‍ വരെ സമഗ്രമായ അഴിച്ചു പണിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്നത്. മുന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന പിണറായി വിജയന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ച പി ശശിയ്‌ക്കെതിരെ വലിയ ആക്ഷേപങ്ങള്‍ പൊലീസ് സേനയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. മുന്‍ സര്‍ക്കാരില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നടത്തിയ ഇടപെടലുകള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നതുമാണ്. ആ പി ശശി ഇപ്പോഴും പൊലീസ് സേനയുടെ അഴിച്ചുപണിയില്‍ കൈകടത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.

പിണറായി വിജയന്‍ സര്‍ക്കാരില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ താല്‍പര്യത്തില്‍ പൊലിസ് ആസ്ഥാനത്ത് ഉള്‍പ്പെടെ നിയമിച്ചവരെ തന്ത്ര പ്രധാന തസ്തികകളില്‍ നിലനിര്‍ത്തുന്നതിനായി വന്‍ ചരടുവലി നടക്കുന്നുവെന്നാണ് സൂചന. മലബാറിലെ വന്‍ ബിസിനസ്സ് ലോബിയാണ് ഇതിനായി രംഗത്തിറങ്ങിയിരിക്കുന്നത് എന്നാണ് സൂചന. മുഖ്യമന്ത്രി വിഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും സ്വാധീനിക്കാന്‍ കഴിയും എന്ന് അവകാശപ്പെട്ടാണ് ഇക്കൂട്ടര്‍ രംഗത്തിറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇതിന് പിന്നിലും പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അദൃശ്യകരങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് സേനയില്‍ പരക്കെ പറയപ്പെടുന്നത്.

പി ശശിക്ക് എതിരെ നിലവില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മുന്നില്‍ ചില പരാതികള്‍ എത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, വേണ്ടപ്പെട്ടവര്‍ പ്രധാന ചുമതലകളില്‍ ഇല്ലങ്കില്‍ അത് കുരുക്കായി മാറുമെന്ന് കണ്ടാണ് പി ശശിയുടെ അടുപ്പക്കാരായ വ്യവസായികള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇതില്‍ പാലക്കാട് ഉള്ള ഒരു വന്‍കിട ക്വാറി ഉടമയും ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.

പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരിക്കെ, ഒരു സെറ്റല്‍മെന്റ് ഓഫീസ് പോലെ പനമ്പിള്ളി നഗറിലെ അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും മുന്‍പ് കണ്ടെത്തിയിരുന്നതാണ് എന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇതു സംബന്ധമായി ചെന്നൈ സ്വദേശിയായ ഒരു വ്യവസായിയും കേന്ദ്ര ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ വിജയന് എതിരെ ഇഡി പിടിമുറുക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന പി ശശിക്ക് എതിരെ എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടാൽ, ഈ കേസിലും ഇഡിയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സാധിക്കും. ഈ അപകടം മുന്നില്‍ കണ്ടാണ് ഉന്നത പൊലീസ് നിയമനങ്ങളില്‍ തന്നെ ചില ‘അവതാരങ്ങളെ’ രംഗത്തിറക്കി ഇടപെടാന്‍ പിണറായിയുടെ പൊളിറ്റിക്കല്‍ ‘ബുദ്ധിമാന്‍’ ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് പരക്കെ സംസാരം.

ഇതിനു പുറമെ തന്ത്രപ്രധാന സ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് പി ശശിയുടെ വിശ്വസ്തരായ ഐപിഎസ് ഉദ്യോഗസ്ഥര്‍ നേരിട്ടും രംഗത്തിറങ്ങിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ ഒരു ഉന്നത ഐപിഎസുകാരന്‍ യുഡിഎഫില്‍ കാണാന്‍ ഇനി ഒരു നേതാവും ബാക്കിയില്ലന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് പൊലീസ് സംഘടനാ നേതാവിന് പിന്നാലെ പോലും ചില ഐപിഎസുകാര്‍ ശുപാര്‍ശയുമായി കൂടിയിട്ടുണ്ടെന്നും വിവരമുണ്ട്. ഐപിഎസുകാര്‍ക്ക് നാണക്കേടായ ഈ സംഭവം പുറത്തറിഞ്ഞതിലും വലിയ അപമാനം സേനയിലുള്ളവര്‍ക്കുണ്ട്.

ഐപിഎസുകാരുടെ മാറ്റത്തില്‍ ഒരു സംഘടനാ നേതാവും ഇടപെടേണ്ടതില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി വിഡി സതീശനുള്ളത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാകട്ടെ പൊലീസ് ഉപദേഷ്ടാവായ ഹേമചന്ദ്രനുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.

എന്നാല്‍ ഈ രണ്ട് നേതാക്കളെയും സ്വാധീനിക്കാന്‍ ശേഷിയുണ്ട് എന്ന് അവകാശപ്പെടുന്ന വ്യവസായ ലോബി രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ നിയമനം എങ്ങനെയാണ് നടന്നത് എന്നതില്‍നിയമനം എങ്ങനെയാണ് നടക്കാൻ പോകുന്നത് എന്നതിൽ പൊലീസ് സേനയിലെ ഉള്ളിലുള്ളവര്‍ അടക്കം പുറംലോകത്തുള്ളവരിലും ആശങ്കയുണ്ട്. ഈ അവതാരങ്ങളുടെ അവകാശവാദത്തിലെ സത്യമറിയണമെങ്കില്‍ ഇനി ലിസ്റ്റ് ഇറങ്ങണം.

ഇതിനിടെ സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍ മാറുന്ന മുറയ്ക്ക് യോഗേഷ് ഗുപ്തയെ സംസ്ഥാന പൊലിസ് ചീഫാക്കാനുള്ള ശ്രമവും തകൃതിയായി തന്നെ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഉത്തരേന്ത്യന്‍ ലോബിയുടെ താല്‍പര്യം സംരക്ഷിക്കാനെന്ന പേരില്‍ ഇതിനായി രംഗത്തിറങ്ങിയിരിക്കുന്നത് പിണറായിയുടെ മുന്‍ പൊലീസ് ഉപദേഷ്ടാവും പി ശശിയുടെ വിശ്വസ്തനുമായ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയാണ്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവരെ വസതിയില്‍ എത്തി രമണ്‍ ശ്രീവാസ്തവ കണ്ടത് ഇതിനകം തന്നെ പൊലീസ് സേനയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. യോഗേഷ് ഗുപ്തയുമായി വലിയ അടുപ്പം പുലര്‍ത്തുന്ന രമണ്‍ ശ്രീവാസ്തവ, ഒന്നാം പിണറായി സര്‍ക്കാരില്‍ ക്രമസമാധാന ചുമതല എഡിജിപി ആയി പ്രവര്‍ത്തിച്ചിരുന്ന വിജയ് സാഖറെയെ ഡല്‍ഹിയില്‍ നിന്നും തിരികെ എത്തിക്കുന്നതിനു വേണ്ടിയും വലിയ ശ്രമങ്ങളാണ് നടത്തുന്നതെന്നും സംസാരമുണ്ട്. രമണ്‍ ശ്രീവാസ്തവ ബിഎസ് എഫ് ഡയറക്ടറായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിനു കീഴില്‍ ബി എസ് എഫ് ഡിഐജിയായി പ്രവര്‍ത്തിച്ചിരുന്നതും വിജയ് സാഖറെയാണ്.

Read more

പിണറായി ഭരണകാലത്ത് ഈ ഉദ്ദ്യോഗസ്ഥന് എതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റാന്‍ പിണറായി വിജയന്‍ തയ്യാറായിരുന്നില്ല. ഡെപ്യൂട്ടേഷന്‍ റദ്ദാക്കി രവാഡ ചന്ദ്രശേഖറിനെ കേരളത്തില്‍ കൊണ്ടുവന്ന് സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ പി ശശി വഴി ശക്തമായി ഇടപെട്ടതും ഇതേ രമണ്‍ ശ്രീവാസ്തവ തന്നെയാണ്. നീണ്ട 10വര്‍ഷം അധികാരത്തില്‍ ഇല്ലാത്തതിനാല്‍ ഐപിഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ ഒരു സ്വാധീനവും നിലവിലെ മുഖ്യമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ ഇല്ല. അതു കൊണ്ടു തന്നെയാണ് ഉദ്യോഗസ്ഥ അഴിച്ചുപണിയും നീളുന്നത്. ഈ പരിമിതി മുതലെടുക്കാനാണ് ഇപ്പോള്‍ ‘അവതാരങ്ങള്‍’ ശ്രമിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.