വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ ക്രൂരമായ റാഗിങിനിരയായ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്. അതിക്രൂരമായ റാഗിങിനൊടുവിലാണ് സിദ്ധാർത്ഥൻ മരണത്തിന് കീഴടങ്ങിയത്. 2024 ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് റാഗിംഗ് ഭീകരതയിലേക്ക് ആണ്.
എസ്എഫ്ഐ പ്രവർത്തകരടക്കം 18 പേർ പ്രതികളായ കേസ് അട്ടിമറിക്കാൻ തുടക്കം മുതല്‍ പലതവണയും ശ്രമം നടന്നിരുന്നു. പ്രതികള്‍ക്ക് പഠനം തുടരാനുള്ള ഇടപെടല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞതാണ് കേസില്‍ ഒടുവില്‍ നടന്നത്. കാമ്പസില്‍ ക്രൂര റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സിദ്ധര്‍ത്ഥന്റെ മരണം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. സിദ്ധാര്‍ത്ഥന്റെ മരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും നീതി അകലെയെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
2024 ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസിൽ പിന്നീട് ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഉണ്ടായത്. അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നു സിദ്ധാര്‍ത്ഥൻ. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തു. ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദനങ്ങള്‍ക്ക് ഒടുവില്‍ ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.