'അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടം'; ഒടുവില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി

കനത്തമഴയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി. കലക്കവെള്ളവുമായി കുത്തിയൊഴുകുന്ന പുഴയില്‍ അഞ്ച് മണിക്കൂറോളം നേരമാണ് ആന കുടുങ്ങിക്കിടന്നത്. പിള്ളപ്പാറ മേഖലയിലാണ് സംഭവം. ചെറിയ പാറക്കെട്ടുകളില്‍ തട്ടിനിന്ന് ഒഴുക്കിനെ അതിജീവിച്ച ആന ഒടുവില്‍ സ്വയം നീന്തിക്കയറുകയായിരുന്നു.

ഏതാണ്ട് 50 മീറ്റര്‍ അധികം ആന താഴേക്ക് ഒഴുകി പോയിരുന്നു. ആനയുടെ ശരീരമാസകലം പാറ കൊണ്ട് മുറിഞ്ഞ അവസ്ഥയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സുമെല്ലാം സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read more

വ്യാഴാഴ്ച വരെ വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.