തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിലുണ്ടായ തീപിടിത്തം പ്രത്യേകസംഘം അന്വേഷിക്കും. ഗുരുതര വീഴ്ചയെന്ന നിഗമനത്തിലാണ് പൊലീസ്. റെയിൽവേ ലൈനിൽ നിന്നും തീപ്പൊരി വീണ് തീ പടർന്നെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ അറുന്നൂറിലധികം ബൈക്കുകളാണ് കത്തിനശിച്ചത്.
തീപിടിത്തം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു. തീപിടിത്തമുണ്ടായ സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം. മറ്റു ദുരൂഹതകൾ ഈ ഘട്ടത്തിൽ സംശയിക്കുന്നില്ലെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. അതേസമയം പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടിയെന്ന് സ്ഥലത്ത് എത്തിയ മന്ത്രി കെ രാജൻ പറഞ്ഞു.
സംഭവത്തിൽ റെയിൽവേ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. പാർക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനത്തിൽ നിന്ന് മറ്റു വാഹനങ്ങളിലേക്ക് തീ പിടിച്ചതാകാമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടമുണ്ടായപ്പോൾ തന്നെ ആളപായ ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്നും റെയിൽവേയുടെ വിശദീകരണം.







