ഡി.വൈ.എഫ്.ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ; വിവാദ സന്ദേശം അയച്ച എ.ഡി.എസ് ചെയര്‍പേഴ്‌സണ് എതിരെ നടപടി വേണ്ടെന്ന് കുടുംബശ്രീ

ഡിവൈഎഫ്ഐ സെമിനാറില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി സന്ദേശം അയച്ച എഡിഎസ് ചെയര്‍പേഴ്‌സണെതിരെ നടപടി വേണ്ടെന്ന് തീരുമാനം. പത്തനതിട്ട ചിറ്റാറിലെ സിഡിഎസ് ചെയര്‍പേഴ്സണാണ് സന്ദേശം അയച്ചത്. ഇവര്‍ നല്‍ിയ വിശദീകരണം തൃപ്തികരമാണെന്നും നടപടി വേണ്ടെന്നും പത്തനംതിട്ട ജില്ലാ കുടുംബശ്രീമിഷനാണ് തീരുമാനിച്ചത്.

സ്ത്രീശാക്തീകരണ സെമിനാര്‍ എന്നു കരുതിയാണ് സന്ദേശം അയച്ചത്. ഡിവൈഎഫ്‌ഐയുടെ പരിപാടിയാണെന്ന് അറിയില്ലായിരുന്നു. തെറ്റ് അവര്‍ തിരിച്ചറിഞ്ഞെന്നും, മറുപടി തൃപ്തികരമായതിനാല്‍ നടപടി വേണ്ടെന്നുമാണ് നിര്‍ദ്ദേശം.

വിവാദമായതിന് പിന്നാലെ ചെയര്‍പേഴ്‌സണ്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. നിര്‍ബന്ധമായി പങ്കെടുക്കേണ്ടതില്ലെന്നാണ് അവര്‍ പറഞ്ഞത്.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചിറ്റാറില്‍ സംഘടിപ്പിച്ച സെമിനാറില്‍ എല്ലാ കുടുംബശ്രീ ഗ്രൂപ്പില്‍ നിന്നും 5 പേര്‍ വീതം പങ്കെടുക്കണം. ഇല്ലെങ്കില്‍ 100 രൂപ പിഴ ഈടാക്കുമെന്നായിരുന്നു സന്ദേശം. പി.കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ സെറ്റ് സാരിയും, മെറൂണ്‍ ബ്ലൗസും ധരിച്ച് എത്തണമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലാണ് ഡിവൈഎഫ്‌ഐ സെമിനാര്‍ സംഘടിപ്പിച്ചത്. ആളു കൂടണം. എല്ലാവരും അത് മനസ്സിലാക്കി വരണമെന്നാണ് സന്ദേശം. ഭീഷണിക്കെതിരെ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് ഉള്‍പ്പടെ പ്രതിഷേധം ഉയരുന്നിരുന്നു.