സ്വർണക്കടത്ത് കേസിലെ കണ്ടെത്തലുകൾ എൻ.ഐ.എയെ സെക്രട്ടേറിയറ്റ് പടിക്കൽ വീണ്ടും എത്തിച്ചിരിക്കുകയാണ്: രമേശ് ചെന്നിത്തല

സ്വർണ കള്ളക്കടത്ത് കേസിലെ കണ്ടെത്തലുകൾ ദേശീയ അന്വേഷണ ഏജൻസിയെ(എൻ.ഐ.എ) സെക്രട്ടേറിയറ്റിന്റെ പടിക്കൽ വീണ്ടുമെത്തിച്ചിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിമാനത്താവളത്തിൽ ബാഗുകൾക്ക് നയതന്ത്ര ബാഗേജുകളാക്കണമെങ്കിൽ കോണ്‍സുലേറ്റ് ഇതാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് കൊടുക്കുകയും, മുഖ്യമന്ത്രിക്ക് കീഴിലുള്ള ചീഫ് പ്രോട്ടോക്കോള്‍ ഓഫീസർ ഈ കത്ത് പരിഗണിച്ച് അനുമതി നൽകുകയും ചെയ്യണം. ഇപ്രകാരം 23 തവണയാണ് നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയിട്ടുള്ളതെന്നാണ് കസ്റ്റംസ് അവകാശപ്പെടുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് എൻ.ഐ.എ സെക്രട്ടേറിയറ്റില്‍ വീണ്ടുമെത്തി ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറെ ചോദ്യം ചെയ്തത്. ഇതെല്ലം അതീവ ഗൗരവസ്വഭാവമുള്ള കാര്യങ്ങളാണ്.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇതിന്റെയെല്ലാം ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിൽ സംസ്ഥാന സർക്കാർ പ്രതികൂട്ടിലാകുന്നത് ഗൗരവമേറിയ കാര്യമാണ്. എന്നാൽ സർക്കാർ കണ്ണടച്ചിരുട്ടാക്കുന്നു എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.