കേന്ദ്ര സര്‍ക്കാരിന്റേത് ഏകാധിപത്യ പ്രവണത; സുപ്രീംകോടതിയില്‍ കേസ് നല്‍കുന്നത് ഭരണഘടനപരമായ അവകാശമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

കേരളത്തിന് അര്‍ഹമായ വിഹിതം അനുവദിക്കാതെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഏകാധിപത്യ പ്രവണതയാണ് കേന്ദ്രം സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ മാര്‍ച്ചില്‍ പണം അനുവദിക്കാതിരുന്നാല്‍ ഒരുപാട് ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും . അര്‍ഹമായ പണം ലഭിക്കാന്‍ സുപ്രീംകോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന നിലപാട് സംസ്ഥാനത്തിന് നേരെയുള്ള മര്‍ക്കടമുഷ്ടിയാണ് കാണിക്കുന്നത്.

സുപ്രീംകോടതിയില്‍ കേസ് നല്‍കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. അതെങ്ങിനെ തെറ്റാകുമെന്നും അദേഹം ചോദിച്ചു. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം നല്‍കാനുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. അതിന് പുറമെ നിര്‍ബന്ധമായും ഈ മാസം ലഭിക്കേണ്ടുന്ന 13000 കോടി നല്‍കാനും കേസ് പിന്‍വലിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. കേസ് കൊടുത്താലും ഇല്ലെങ്കിലും അനുവദിക്കേണ്ട തുകയാണിത്. ഇത് മാത്രമല്ല കേരളം ആവശ്യപ്പെട്ടത്. 14, 15 ധനകമ്മീഷനുകള്‍ പ്രകാരം ലഭിക്കേണ്ട തുകയും സുപ്രീംകോടതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കോടതിയിലെത്തുമുന്നേ പല തരത്തില്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തതാണ്. എന്നിട്ടും അനുവദിച്ചിരുന്നില്ലന്നും ബാലഗോപാല്‍ വ്യക്തമാക്കി.