ഒടുവില്‍ എംവിഡി ബില്ല് അടച്ചു; സേവനം പുനഃസ്ഥാപിച്ച് ബിഎസ്എന്‍എല്‍

ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് റദ്ദാക്കിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പ് ബിഎസ്എന്‍എല്‍ ബില്ല് സിം കാര്‍ഡുകളുടെ സേവനം പുനഃസ്ഥാപിച്ചത്. ഈ മാസം എട്ടാം തീയതി മുതലാണ് ബിഎസ്എന്‍എല്‍ സിം കാര്‍ഡുകളുടെ സേവനം റദ്ദാക്കിയത്.

ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് സിം കാര്‍ഡുകളില്‍ നിന്നുള്ള ഔട്ട് ഗോയിങ് കോളുകള്‍ റദ്ദ് ചെയ്യുകയായിരുന്നു. ബില്ല് അടയ്ക്കാതിരുന്നാല്‍ ഇന്ന് മുതല്‍ ഇന്‍ കമിങ് കോളുകളും റദ്ദ് ചെയ്യുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിരുന്നു. സംഭവം വാര്‍ത്തയായതോടെ എംവിഡി ബില്ല് അടയ്ക്കുകയായിരുന്നു. ഇതോടെയാണ് ബിഎസ്എന്‍എല്‍ സേവനം പുനഃസ്ഥാപിച്ചത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഡ്രൈവിംഗ് ലൈസന്‍സിന്റെയും ആര്‍സി ബുക്കിന്റെയും പ്രിന്റിംഗിലും വിതരണത്തിലും അനശ്ചിതത്വം തുടരുന്നതിനിടയിലാണ് ബിഎസ്എന്‍എല്ലിന്റെ നടപടി. അതേ സമയം പ്രിന്റിംഗ് പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞു.