സര്‍ക്കാരുമായി നിസ്സഹകരണത്തിനൊരുങ്ങി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്. സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ പ്രദര്‍ശനത്തിന് നല്‍കേണ്ടെന്നാണ് ഫിലിം ചേംബറിന്റെ പ്രതിഷേധ തീരുമാനം. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാനാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി മുതല്‍ സര്‍ക്കാരുമായി യാതൊരു സഹകരണവുമില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു.
സിനിമ വ്യവസായത്തില്‍നിന്ന് നികുതിയിനത്തില്‍ വലിയ വരുമാനം ലഭിച്ചിട്ടും സര്‍ക്കാരില്‍നിന്ന് മേഖലയ്ക്ക് അനുകൂലമായ നടപടികളൊന്നുമുണ്ടാവില്ലെന്ന് കാണിച്ചാണ് ഫിലിം ചേംബറിന്റെ തീരുമാനം. പ്രസിഡന്റ് അനില്‍ തോമസാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതിഷേധ തീരുമാനം അറിയിച്ചത്.
Read more
പത്തുവര്‍ഷമായി സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഇതുവരെ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഫിലിം ചേംബര്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ തിയേറ്ററുകളുടെ ബഹിഷ്‌കരണം സൂചനാ സമരം മാത്രമാണെന്നും കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്. ജിഎസ്ടിക്ക് പുറമേയുള്ള വിനോദ നികുതി എടുത്തുകളയണം, വൈദ്യുതി നിരക്കില്‍ പ്രത്യേക താരിഫ് അനുവദിക്കണം തുടങ്ങിയവയാണ് ചേംബറിന്റെ പ്രധാന ആവശ്യങ്ങള്‍.







