വ്യാജ വാറ്റുകേസ്; എക്സൈസ് രണ്ടര ലക്ഷം നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

വ്യാജ ചാരായ വാറ്റുകേസില്‍ രണ്ട് കൊല്ലം സ്വദേശികളെ തടവിലാക്കിയ സംഭവത്തില്‍ എക്‌സൈസ് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. രണ്ടര ലക്ഷം രൂപ വീതം ഇരുവര്‍ക്കും നല്‍കണമെന്നും ഈ തുക എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

കാരണമില്ലാതെയുള്ള തടവ് സൃഷ്ടിക്കുന്ന മാനസികാഘാതം വളരെ വലുതാണെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വിലയിരുത്തി. ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്ന വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.

എക്സൈസ് വിചാരിച്ചാല്‍ ആരെ വേണമെങ്കിലും കള്ളക്കേസില്‍ കുടുക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി വിമര്‍ശിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പരിശോധിക്കണം. ഇതിനായി കമ്മീഷനെ നിയോഗിക്കണമെന്നും കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.