ഡി.വൈ.എഫ്‌.ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കും; കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി

ഡിവൈഎഫ്‌ഐ സെമിനാറില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി. പത്തനതിട്ട ചിറ്റാറിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച് ശബ്ദസന്ദേശമാണ് വിവാദമായിരിക്കുന്നത്.

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ചിറ്റാറില്‍ ഇന്ന് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറില്‍ എല്ലാ കുടുംബശ്രീ ഗ്രൂപ്പില്‍ നിന്നും 5 പേര്‍ വീതം പങ്കെടുക്കണം. ഇല്ലെങ്കില്‍ 100 രൂപ പിഴ ഈടാക്കുമെന്നാണ് ഭീഷണി. പി.കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ സെറ്റ് സാരിയും, മെറൂണ്‍ ബ്ലൗസും ധരിച്ച് എത്തണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലാണ് ഡിവൈഎഫ്ഐ സെമിനാര്‍ നടത്തുന്നത്. ഇന്ന് മൂന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് സെമിനാര്‍ നടക്കുന്നത്. ആളു കൂടണം. എല്ലാവരും അത് മനസ്സിലാക്കി വരണമെന്നാണ് സന്ദേശം.

ഭീഷണിക്കെതിരെ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് ഉള്‍പ്പടെ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം ഇത്തരം ഒരു സന്ദേശം നല്‍കിയിട്ടില്ലെന്നാണ് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയത്. സെമിനാറില്‍ പങ്കെടുക്കാന്‍ നിരവധി ഡിവൈഎഫ്ഐ- സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടെന്നും ഡിവൈഎഫ്ഐ പറഞ്ഞു. സംഭവത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചിട്ടില്ല.