'അസാനി' അതിതീവ്ര ചുഴലിക്കാറ്റായി, കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഒഡീഷ തീരത്ത് നിന്ന് എണ്ണൂറ് കിലോമീറ്റര്‍ അകലത്തിലാണ് അസാനിയുടെ സാന്നിദ്ധ്യം. ചൊവ്വാഴ്ചയോടെ ഒഡീഷ തീരത്തെത്തുമെന്നാണ് നിഗമനം. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ആന്ധ്ര, ഒഡീഷ തീരത്തുകൂടി നീങ്ങുന്ന ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിലെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തി. ആന്ധ്ര തീരമേഖലയില്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാദ്ധ്യതയുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആന്ധ്രയിലും, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗാളിലും ശക്തമായ മഴ ലഭിച്ചേക്കും. തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കി.

അപകടസാഹചര്യം കണക്കിലെടുത്ത് തീരമേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ ചുഴലിക്കാറ്റ് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് നിഗമനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. കാറ്റിനും, ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.