ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; തെളിവെടുപ്പിനിടെ കൂടുതല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം നടന്ന സംഭവത്തില്‍ പൊലീസ് നടത്തിയ തെളിവെടുപ്പില്‍ കൂടുതല്‍ ബോംബുകള്‍ കണ്ടെത്തി. സ്‌ഫോടനം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെത്തിയത്. സ്‌ഫോടനം നടന്ന വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.

കേസില്‍ അറസ്റ്റിലായ നാല് പ്രതികളില്‍ ഒരാളായ ഷബിന്‍ ലാലിനെ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. പാനൂരില്‍ നിര്‍മ്മിച്ചത് സ്റ്റീല്‍ ബോംബുകളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്‌ഫോടനം നടന്ന വീടിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിലും മതിലിലും ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

കേസിലെ പ്രതി ഷബിന്‍ ലാല്‍ തന്നെയാണ് പൊലീസിന് ബോംബുകള്‍ ഒളിപ്പിച്ചിരുന്ന സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. സംഭവത്തെ തുടര്‍ന്ന് നാല് പ്രതികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സായൂജ്, ഷിബിന്‍ലാല്‍, അരുണ്‍, അതുല്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. അറസ്റ്റിലായ നാല് പേരും സംഭവ സമയം സ്ഥലത്തുണ്ടായിരുന്നവരാണ്.