'ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചെലവ് വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്'; മൂന്ന് കോടി രൂപയാണ് ആകെ ചെലവ്, ഇത് സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതെന്നും പി എസ് പ്രശാന്ത്

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ചെലവുവിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുകളുമായി ബന്ധപ്പെട്ട് സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ കണക്കുകള്‍ തള്ളി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തിലാണ് നല്‍കിയതെന്ന് അന്വേഷിക്കേണ്ടതാണെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു.

മൂന്ന് കോടി രൂപയാണ് അയ്യപ്പ സംഗമത്തിന്റെ ചെലവ്. ഇത് പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതാണ്. ഒരുകോടി കൂടി സ്‌പോണ്‍സര്‍ഷിപ്പ് വന്നിട്ടുണ്ടെന്നും പി.എസ്. പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കണക്കുവിവരങ്ങളും പിഎസ് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

ആകെ ചിലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്. എന്നാല്‍, ഇപ്പോള്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും പി എസ് പ്രശാന്ത് പറയുന്നുണ്ട്.

ഓഡിറ്റ് റിപ്പോര്‍ട്ടും ബില്ലുമല്ല, ടോട്ടല്‍ എക്‌സ്‌പെന്‍ഡീച്ചര്‍ റിപ്പോര്‍ട്ടാണ് പി എസ് പ്രശാന്ത് പങ്കുവെച്ചിരിക്കുന്നത്. നവംബര്‍ നാലിന് ഹൈക്കോടതിയോട് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് മാസം സമയം ചോദിച്ചിരിക്കുന്ന കത്തും പി എസ് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഇവന്റ് മാനേജ്മെന്റിനും അടിസ്ഥാന സൗകര്യവികസനത്തിനും 1.64 കോടി രൂപയാണ് ചെലവാക്കിയത്. പ്രതിനിധികള്‍ക്കും മറ്റു ചെലവുകള്‍ക്കും – 5 ലക്ഷം, ഭക്ഷണം- 21.5 ലക്ഷം, ഉദ്യോഗസ്ഥരുടെ താമസം, ഭക്ഷണം – 73780 രൂപ, ഗതാഗതം- 10 ലക്ഷം, പബ്ലിസിറ്റി-25 ലക്ഷം, പ്രതിനിധികള്‍ക്കുള്ള കിറ്റ് – 50 ലക്ഷം, മാര്‍ക്കറ്റിങ് ചെലവ് – 25 ലക്ഷം, സാംസ്‌കാരിക പരിപാടികള്‍ – 31 ലക്ഷം, ഗസ്റ്റ്ഹൗസിലേക്കുള്ള ഉപകരണങ്ങള്‍ – 3.83 ലക്ഷം, മറ്റു ചെലവ് – 11 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ചെലവുകള്‍ എന്നും പ്രശാന്ത് പറഞ്ഞു.

Read more