ബി.ഡി.ജെ.എസ്സിനെ പരിഗണിക്കില്ല; എൻ.ഡി.എയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഏകദേശ രൂപം

കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഏകദേശ രൂപമായി. ബി.ഡി.ജെ.എസ്സിനെ ഒഴിവാക്കി കൊണ്ടുള്ളതാണ് ഈ പട്ടിക എന്നാണ് സൂചന. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെയും കോന്നിയിൽ സുരേന്ദ്രനെയും മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. അരൂരിൽ യുവമോർച്ച അധ്യക്ഷൻ പ്രകാശ് ബാബുവിന്റെ പേരാണ് നിർദ്ദേശിച്ചിട്ടുള്ളത്.

ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് അയച്ച പട്ടികയിൽ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. മത്സരരംഗത്തിറങ്ങാൻ കുമ്മനം സമ്മതം നൽകിയിട്ടില്ലെങ്കിലും ആർ.എസ്എസ്സിനെ കൊണ്ട് സമ്മതിപ്പിക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതേസമയം കോന്നിയിൽ മത്സരിക്കാൻ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കാഴ്ച വച്ച കെ സുരേന്ദ്രന് മേൽ സമ്മർദം തുടരുകയാണ്. അതിനിടെ അരൂരിൽ ബി.ഡി.ജെ.എസ് മത്സരിക്കാൻ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിനെയാണ് ഇവിടേക്ക് നിർദേശിച്ചിട്ടുള്ളത്.

എറണാകുളത്തും മഞ്ചേശ്വരത്തും പ്രാദേശിക നേതാക്കളെയാണ് ബി.ജെ.പി രംഗത്തിറക്കാൻ ഉദ്ദേശിക്കുന്നത്. സിജി രാജഗോപാൽ, പത്മജ എസ് മേനോൻ എന്നിവരാണ് എറണാകുളം പട്ടികയിൽ ഉള്ളത്. മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശതന്ത്രി കുണ്ടാർ, കെ ശ്രീകാന്ത് എന്നിവരെയാണ് നിർദേശിചിരിക്കുന്നത്. പട്ടിക വിലയിരുത്തിയതിന് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം ഡൽഹിയിൽ നിന്നുണ്ടാകും.