എല്ലാവരുടെയും വർത്തമാനം യുഡിഎഫിന് അനുകൂലമാണെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് ലീഗ് നേതാക്കൾക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇടതുപക്ഷ നേതാക്കൻമാരുടെ വർത്തമാനം കേട്ടാലും മനസ്സിലാകും. അവരുടെ ആത്മവിശ്വാസക്കുറവ് പ്രകടമാണ്. യുഡിഎഫിന് അനുകൂലമായ തരംഗം തന്നെയുണ്ട്. അതുകൊണ്ടാണ് 100 സീറ്റ് എന്നൊക്കെ പറയുന്നത്’ എന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അതൊന്നും ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങൾ പറഞ്ഞത് അവിടെ നിൽക്കുന്നുണ്ട്. ഞങ്ങൾ അതൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.







