മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍; ദൗത്യസംഘത്തെ വിമര്‍ശിച്ച് സിപിഎം; വന്‍കിട കൈയേറ്റങ്ങള്‍ വ്യക്തമാക്കാന്‍ കളക്ടര്‍ തയ്യാറാകുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റ്

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ ദൗത്യസംഘത്തിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് സിപിഎം രംഗത്ത്. കോടതി നടപടിയുടെ പേരില്‍ ദൗത്യസംഘം പാവപ്പെട്ടവരെ കുടിയൊഴുപ്പിച്ചാല്‍ പ്രതികരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടേററിയറ്റ് നിലപാട് വ്യക്തമാക്കി. വന്‍കിടക്കാരുമായി ചേര്‍ന്ന് ചെറുകിട കര്‍ഷകരെയും പാവപ്പെട്ടവരെയും ദ്രോഹിക്കാനാണ് തീരുമാനമെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പുണ്ടാകുമെന്നും സിപിഎം ജില്ലാ സെക്രട്ടേററിയറ്റ് അറിയിച്ചു.

കളക്ടറും സംഘവും കപട പരിസ്ഥിതി സംഘടനകളുടെയും ബാഹ്യ ശക്തികളുടെയും നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച സിപിഎം 28 വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപം ഉന്നയിച്ചു. ഇത് കൂടാതെ 17 വന്‍കിട കയ്യേറ്റങ്ങള്‍ ആരുടേതാണെന്ന് വ്യക്തമാക്കാന്‍ കളക്ടര്‍ തയ്യാറാകുന്നില്ലെന്നും സിപിഎം കുറ്റപ്പെടുത്തി.

വ്യക്തതയില്ലെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വന്‍കിടക്കാരില്‍ ചിലര്‍ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളാണെന്നും സിപിഎം ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ പിപി തങ്കച്ചന്‍, ബാബു കുര്യാക്കോസ് തുടങ്ങിയവരും മറ്റ് ചില യുഡിഎഫ് നേതാക്കളുടെയും കയ്യേറ്റങ്ങളെയാണ് കളക്ടര്‍ വ്യക്തയില്ലെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും സിപിഎം സെക്രട്ടേറിയറ്റ് അറിയിച്ചു.

കേരളീയം പരിപാടിയെ തകര്‍ക്കാനാണ് മൂന്നാറില്‍ നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍. വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്തും പാവപ്പെട്ടവരെ ദ്രോഹിച്ചും മുന്നോട്ട് പോകാമെന്ന് ഉദ്യോഗസ്ഥ ലോബി കരുതേണ്ട. അറുപത് വര്‍ഷത്തിലധികമായി മൂന്നാറില്‍ ജീവിക്കുന്ന പാവപ്പെട്ടവരെ ഒഴിപ്പിക്കാനുള്ള ഏത് നീക്കത്തെയും നേരിടുമെന്ന് സിപിഎം ജില്ല സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു.