വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ. ഇടത് മുന്നണിയില്‍ മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവുനല്‍കി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളില്‍ത്തന്നെ മത്സരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ നേരിടാന്‍ ഇ.ടി. ടൈസണ്‍ ആണ് പറവൂരില്‍ മത്സരിക്കുന്നത്. തൃശ്ശൂരില്‍ സിറ്റിങ് എം.എല്‍.എ. പി. ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മത്സരിക്കുന്നത്. നിലവില്‍ കയ്പമംഗലം എം.എല്‍.എ.യാണ്. മന്ത്രിമാരില്‍ കെ. രാജന്‍ ഒല്ലൂരില്‍ നിന്നും ജി.ആര്‍. അനില്‍ നെടുമങ്ങാട്ടും ജനവിധി തേടുമ്പോള്‍ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേര്‍ത്തലയിലും മത്സരിക്കും.

സിറ്റിങ് എം.എല്‍.എ.മാരില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടക്കം എട്ടുപേരാണ് മാറിയത്. ഇ. ചന്ദ്രശേഖരന്‍, ഇ.കെ. വിജയന്‍, പി. ബാലചന്ദ്രന്‍, സി.സി. മുകുന്ദന്‍, സി.കെ. ആശ, പി. സുപാല്‍, ജി.എസ്. ജയലാല്‍ എന്നിവരാണ് മറ്റുള്ളവര്‍. രണ്ടുസ്ത്രീകള്‍ വേണമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ വൈക്കത്തുനിന്ന് സി.കെ. ആശ മാറിയപ്പോള്‍ നാദാപുരത്ത് പി. വസന്തത്തെ സ്ഥാനാര്‍ഥിയാക്കി. മഞ്ചേരിയില്‍ സ്വതന്ത്രനായി എം. മുസ്തഫ മത്സരിക്കും.

സിപിഐ സ്ഥാനാര്‍ഥികള്‍

  1. ആലങ്കോട് ലീലാകൃഷ്ണന്‍ (തൃശ്ശൂര്‍)
  2. ഇ.ടി. ടൈസണ്‍ (പറവൂര്‍)
  3. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (കാഞ്ഞങ്ങാട്)
  4. അഡ്വ. പി. വസന്തം (നാദാപുരം)
  5. അജിത് കൊളാടി (തിരൂരങ്ങാടി)
  6. ഷഫീര്‍ കിഴിശ്ശേരി (ഏറനാട്)
  7. മുഹമ്മദ് മുഹസിന്‍ (പട്ടാമ്പി)
  8. അബൂബക്കര്‍ മന്‍സില്‍ (മണ്ണാര്‍ക്കാട്)
  9. കെ. രാജന്‍ (ഒല്ലൂര്‍)
  10. ഗീതാ ഗോപി (നാട്ടിക)
  11. കെ.കെ. വത്സരാജ് (കൈപ്പമംഗലം)
  12. വി.ആര്‍. സുനില്‍ (കൊടുങ്ങല്ലൂര്‍)
  13. കെ. സലിംകുമാര്‍ (പീരുമേട്)
  14. പി. പ്രദീപ് (വൈക്കം)
  15. പ്രജി ശശിധരന്‍ (അടൂര്‍)
  16. എന്‍. അരുണ്‍ (മൂവാറ്റുപുഴ)
  17. പി. പ്രസാദ് (ചേര്‍ത്തല)
  18. ടി.ടി. ജിസ്മോന്‍ (ഹരിപ്പാട്)
  19. എം.എസ്. താര (കരുനാഗപ്പള്ളി)
  20. ആര്‍. രാജേന്ദ്രന്‍ (ചാത്തന്നൂര്‍)
  21. ജെ. ചിഞ്ചുറാണി (ചടയമംഗലം)
  22. അജയ പ്രസാദ് (പുനലൂര്‍)
  23. മനോജ് എടമന (ചിറയിന്‍കീഴ്)
  24. ജി.ആര്‍. അനില്‍ (നെടുമങ്ങാട്)
  25. എം. മുസ്തഫ ( മഞ്ചേരി)   സ്വതന്ത്രന്‍