എറണാകുളത്ത് വർദ്ധിതവീര്യത്തോടെ യു.ഡി.എഫ്, സ്ഥാനാർത്ഥിക്ക് ജനകീയ മുഖമില്ലാത്തത് ഇടതിന് വെല്ലുവിളി

പരസ്യ പ്രചാരണം തീരാൻ ദിവസങ്ങൾ ശേഷിക്കെ എറണാകുളം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഊഷ്മാവ് ഉയരുന്നു. ചിട്ടയാർന്ന പ്രവർത്തനമികവുമായി ഐക്യ ജനാധിപത്യ മുന്നണി കുതിക്കുമ്പോൾ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് ഇവിടെ ഇടതുക്യാമ്പ് നേരിടുന്നത്. വോട്ടെണ്ണം കൂട്ടാൻ ബി ജെ പിയും ശ്രമിക്കുമ്പോൾ അവസാന ദിനങ്ങളിൽ പ്രചാരണചൂട് ഉച്ചസ്ഥായിയിലാകും.

സ്ഥാനാർത്ഥി ജനങ്ങൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് എന്നതാണ് യു ഡി എഫിന്റെ പ്ലസ് പോയിന്റ്. രണ്ടു പതിറ്റാണ്ടിലേറെയായി കൊച്ചി കോർപ്പറേഷൻ കൗൺസിലറായ അദ്ദേഹം രണ്ടു തവണ ഡെപ്യൂട്ടി മേയറുമായി. നിലവിൽ കോർപ്പറേഷനിലെ മുപ്പത്തിയൊമ്പതാം ഡിവിഷനെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന് വ്യത്യസ്ത ഡിവിഷനുകളിൽ നിന്ന് മൂന്ന് തവണ ജയിച്ചുവെന്ന പ്രത്യേകതയുമുണ്ട്. കോൺഗ്രസ് പാർട്ടിക്കൊപ്പം ഈ ഡിവിഷനുകളിൽ റെസിഡൻസ് അസോസിയേഷനുകളാണ് വിനോദിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഡിവിഷനുകളിൽ കുടിവെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം, മികച്ച റോഡുകൾ എന്നിവയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
എൻ ഡി എയുടെ സ്ഥാനാർത്ഥിയായ സി. ജി രാജഗോപാലും ജനകീയൻ എന്ന് വിലയിരുത്തപ്പെടുമ്പോൾ സ്ഥാനാർത്ഥി പരിചിതനല്ല എന്നത് ഇടതുമുന്നണിയുടെ പ്രവര്‍ത്തനത്തെ ഉലയ്ക്കുന്നുണ്ട്. ഒരു തലത്തിലുമുള്ള പ്രവർത്തന പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത മനു റോയിയുടെ പ്രചാരണം ഇവിടെ മന്ദഗതിയിലാണെന്ന് കാണാം.

അതിനിടെ, കഴിഞ്ഞ അസംബ്ലി, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ മതേതരത്വം പറഞ്ഞ ഹിന്ദു സ്ഥാനാർത്ഥികളെ അവതരിപ്പിച്ച ഇടതു മുന്നണി വീണ്ടും ലത്തീൻ കത്തോലിക്കനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതും മണ്ഡലത്തിൽ ചർച്ചയായിട്ടുണ്ട്. പരീക്ഷണം രണ്ടു വട്ടവും ദയനീയമായി പൊലിഞ്ഞപ്പോൾ വീണ്ടും സി പി ഐ എം വർഗീയ കാർഡുമായി രംഗത്തെത്തിയതായാണ് ആക്ഷേപം. കഴിഞ്ഞ തവണ ഹൈബി ഈഡനോട് പരാജയപ്പെട്ട എം അനിൽകുമാറിനെ എന്തുകൊണ്ട് തഴഞ്ഞുവെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാൻ ഇടതുനേതാക്കൾക്ക് കഴിയുന്നില്ല.

രാഷ്ട്രീയമായി യു ഡി എഫിനെ നേരിടാൻ ത്രാണിയില്ലാത്തതിനാലാണ് സി പി ഐ എം പാലാരിവട്ടം പാലം മാത്രം കേന്ദ്രീകരിച്ച് ഇലക്ഷനെ നേരിടുന്നത്. ഇതിനു പിന്നിലെ രാഷ്ട്രീയം ഹൈക്കോടതി വിധി വന്നതോടെ പൊളിഞ്ഞു. ഒരു തരത്തിലുള്ള ബലനിർണയ ടെസ്റ്റുകളും നടത്താതെ പാലം പൊളിക്കാൻ തീരുമാനിച്ചത് ഹൈക്കോടതി തടഞ്ഞതോടെ ഇത് മാത്രം പ്രചാരണായുധമാക്കിയ ഇടതു മുന്നണി വെട്ടിലായി. അതിനിടെ, പാലം പൊളിച്ചു പണിയാനുള്ള തീരുമാനം മറ്റൊരു അഴിമതിക്ക് വേണ്ടിയാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

നഗരത്തിലെ റോഡുകളുടെ കാര്യത്തിൽ ഇടതുമുന്നണി കഴമ്പില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു. 50000 പേർക്ക് കുടിവെള്ളം ലഭ്യമാകുന്ന തേവര കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് റോഡുകൾ പൊളിക്കാൻ നഗരസഭ അനുമതി നൽകിയത്. അത്രയും ജനങ്ങളുടെ കുടിവെള്ളത്തിന്റെ കാര്യമായതിനാൽ നഗരസഭാ അതിനു അനുമതി നൽകുകയായിരുന്നു. എന്നാൽ ജോലികൾ സമയബന്ധിതമായി പൂർത്തീകരിച്ച് റോഡുകൾ കോർപ്പറേഷനെ തിരിച്ചേ ക്കാൻ ജല അതോറിറ്റി തയ്യാറായില്ല. ഇതുമൂലം റോഡുകളുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി തീർക്കാൻ കോർപ്പറേഷന് കഴിഞ്ഞില്ല. എന്നാൽ വസ്തുതകൾ മറച്ചു വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എൽ ഡി എഫ് ശ്രമിക്കുന്നതെന്ന് നഗരസഭ അധികൃതർ പറഞ്ഞു.