'പണം പിന്‍വലിച്ചത് പി.എഫ് വിഹിതവും ശമ്പളവും നല്‍കാന്‍'; ഇ.ഡിയോട് ചന്ദ്രിക ഫിനാന്‍സ് മാനേജർ

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍  ഫിനാൻസ് മാനേജർ സമീറിനെ എൻഫോഴ്‌സ്മെന്റ് ചോദ്യം ചെയ്തു. ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകൾ കൈമാറി. പണം പിൻവലിച്ചത് ജീവനക്കാരുടെ പിഎഫ് വിഹിതം, സാലറി എന്നിവ നൽകാനാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കി.

അതേസമയം കളളപ്പണ വെളുപ്പിക്കൽ കേസിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇന്നും എൻഫോഴ്‌സ്മെന്റിന് മുന്നിൽ ഹാജരായേക്കില്ലെന്നാണ് വിവരം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇ.ഡി നോട്ടീസ് കൈപ്പറ്റിയിട്ടും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. വ്യക്തിപരമായ അസൗകര്യമാണ് ഹാജരാകാത്തതിന് കാരണമെന്നും അഭിഭാഷകന്‍ നേരിട്ട് ഇ.ഡി ആസ്ഥാനത്ത് എത്തി രേഖാമൂലം ഇതിനുള്ള കാരണം അറിയിക്കുമെന്നാണ് വിവരം.

പാലാരിവട്ടം മേൽപ്പാലം അഴിമതി വഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍  ഹൈക്കോടതി നിർദേശപ്രകാരം ഇ.ഡി എടുത്ത കേസിലാണ് ചോദ്യംചെയ്യൽ. കള്ളപ്പണം ഉപയോഗിച്ച് പാണക്കാട് കുടുംബത്തിലെ ആളുകളുടെ പേരിൽ ഭൂമി വാങ്ങിയെന്നാണ് പ്രധാന പരാതി. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക് കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടു നിന്നെന്നും പരാതിയുണ്ട്.