'സിപിഎമ്മിലെ പ്രതിസന്ധിക്ക് അവസാനം'; പരിഹാരമായത് സജി ചെറിയാന്റെ ഇടപെടൽ

കായംകുളം സിപിഎമ്മിലെ പ്രതിസന്ധിക്ക് പരിഹാരമായി. മന്ത്രി സജി ചെറിയാൻ നേരിട്ട് ഏരിയാ കമ്മിറ്റി അംഗം കെ.എൽ പ്രസന്നകുമാരിയുമായി ചർച്ച നടത്തി. സജി ചെറിയന്‍ താനുമായി നേരിട്ട് നടത്തിയ ചർച്ചയിലാണ് പരിഹാരമായതെന്ന് കെ.എൽ പ്രസന്നകുമാരി പറഞ്ഞു. പ്രശ്നത്തിന് പരിഹാരമായതോടെ പ്രസന്നകുമാരിയുടെ മകനും പാര്‍ട്ടിയിൽ നിന്ന് രാജിവച്ച ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ബിപിന്‍ സി ബാബുവും സിപിഎമ്മില്‍ തന്നെ തുടരും. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിർദേശ പ്രകാരമാണ് സജി ചെറിയാൻ ഇവിടെ പ്രശ്ന പരിഹാരത്തിനായി മന്ത്രി സജി ചെറിയാൻ ഇടപെട്ടത്.

മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് അവകലോകന യോഗത്തില്‍ പങ്കെടുത്ത പ്രസന്നകുമാരി, താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്ന് സജി ചെറിയാൻ ഉറപ്പ് നല്‍കിയെന്നും പറഞ്ഞു. സിപിഎമ്മില്‍ നിന്നുള്ള രാജിക്കത്ത് പാര്‍ട്ടി അംഗീകരിച്ചില്ലെന്നും മകൻ ബിപിന്‍ സി ബാബുവിനെ ഏരിയാ കമ്മിറ്റിയിൽ ഉള്‍പ്പെടുത്താമെന്ന് സജി ചെറിയാൻ ഉറപ്പ് നല്‍കിയെന്നും പ്രസന്നകുമാരി പറഞ്ഞു.

സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം കെഎൽ പ്രസന്നകുമാരി, മുൻ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രൻ എന്നിവരാണ് പാർട്ടിയിൽ നിന്നും രാജി വെച്ചത്. പ്രസന്നകുമാരിയുടെ മകനും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിപിൻ സി ബാബുവും പാർട്ടി അംഗത്വം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയുന്നതായി കത്തും നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അയച്ച രാജിക്കത്തിൽ ജില്ലയിലെ മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെഎച്ച് ബാബുജാനെതിരെ ഗുരുതര ആരോപണങ്ങൾ പ്രസന്നകുമാരി ഉന്നയിച്ചിരുന്നു. കെഎച്ച് ബാബുജാൻ വിഭാഗീയത വളർത്തുന്നു, ഇഷ്ടമില്ലാത്തവരെ അടിച്ചമർത്തുന്നു, ദളിത് പിന്നോക്ക വിഭാഗങ്ങളിലുള്ള നൂറുകണക്കിന് പ്രവർത്തകർ പാർട്ടിയിൽ നിന്ന് ഇത് മൂലം വിട്ടുനിൽക്കുകയാണ്, കൂടുതൽ ആളുകൾ പാർട്ടി വിടുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.