തെലുങ്കാനയില്‍ വ്യവസായം തുടങ്ങാന്‍ 'കൈക്കൂലി'; കിറ്റെക്സ് എംഡി സാബു എം ജേക്കബ് ഇലക്ടറല്‍ ബോണ്ടായി ബിആര്‍എസിന് നല്‍കിയത് 25 കോടി

ഇലക്ടറല്‍ ബോണ്ടായി 25 കോടി രൂപ കിറ്റെക്സ് എംഡി സാബു ജേക്കബ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് നല്‍കിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. തെലങ്കാനയില്‍ ഭരണകക്ഷിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് വിവിധ ഘട്ടങ്ങളിലായാണ് 25 കോടി ഇലക്ടറല്‍ ബോണ്ട് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരം. ബോണ്ട് സീരിയല്‍ നമ്പറുകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം വ്യക്തമായത്.

കേരത്തിലെ ഫാക്ടറികളില്‍ തൊഴില്‍ ചട്ടലംഘനങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിട്ട ഘട്ടത്തിലാണ് സാബു തെലങ്കാനയില്‍ നിക്ഷേപം നടത്തുന്നത്.

2021 ജൂണില്‍ കേരളത്തിലെ 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കിറ്റെക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിന് ശേഷം ജൂലൈയില്‍ തെലങ്കാനയിലെ വാറങ്കലില്‍ 1000 കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഈ സമയത്താണ് സാബു ബിആര്‍എസിന് ഇലക്ടറല്‍ ബോണ്ടിലൂടെ പണം കൈമാറിയിരിക്കുന്നത്.

തെലങ്കാന സര്‍ക്കാരുമായി രണ്ടുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് 15 കോടി രൂപ ആദ്യ ഘട്ടമായി ബിആര്‍എസിന് കൈമാറുന്നത്. രണ്ടാം ഗഡുവായി 10 കോടി രൂപ പിന്നീട് നല്‍കി. കിറ്റെക്സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡും കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡും ഒരു കോടി വീതം മൂല്യമുള്ള പതിനഞ്ച് ബോണ്ടുകള്‍ ജൂലൈ 17 ന് ബിആര്‍എസിന് സംഭാവന ചെയ്തു. ഇരു കമ്പനികളും 10 കോടിയുടെ ബോണ്ടുകള്‍ ഒക്ടോബര്‍ 16 ന് ബിആര്‍എസിന് നല്‍കിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഒസി സീരിയലിലുള്ള ഈ ബോണ്ടുകള്‍ ഒക്ടോബര്‍ 16 ന് ബിആര്‍എസ് പണമാക്കി മാറ്റി.

തെലങ്കാനയില്‍ കിറ്റെക്സ് ഗ്രൂപ്പിന്റെ ആദ്യ പ്രൊജക്ട് ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് കിറ്റെക്സ് 15 കോടിയുടെ ആദ്യ ബോണ്ട് വാങ്ങുന്നത്. ജൂണ്‍ 27 ന്, ആദ്യ ബാച്ച് ബോണ്ടുകള്‍ വാങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് അന്നത്തെ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു സംരംഭം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 1,350 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വാറങ്കല്‍ കാകത്തിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ടെക്സ്റ്റൈല്‍ പാര്‍ക്കാണെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മുന്‍ മുഖ്യമന്ത്രി കെസിആര്‍ ഉദ്ഘാടനം ചെയ്യുമെന്നുമായിരുന്നു ട്വീറ്റ്.