'തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിൻ്റെ ഉത്സവം, ജനത്തിൻ്റെ കയ്യിലുള്ള ഏറ്റവും വലിയ ആയുധം വോട്ടാണ്'; എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് വി ഡി സതീശൻ

എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വി ഡി സതീശൻ ഇക്കാര്യം ആവശ്യപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ. ജാനാധിപത്യ സംവിധാനത്തിൽ ജനത്തിൻ്റെ കയ്യിലുള്ള ഏറ്റവും വലിയ ആയുധം വോട്ടാണെന്നും തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിൻ്റെ ഉത്സവമാണെന്നും വി ഡി സതീശൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ജനാധിപത്യത്തിൻ്റെ ഉത്സവമാണ് തിരഞ്ഞെടുപ്പുകൾ. പതിനാല് ജില്ലകളിലേയും തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ പൂർത്തിയാക്കി ഇന്നലെ രാത്രിയാണ് എറണാകുളത്ത് മടങ്ങിയെത്തിയത്. രാവിലെ പറവൂർ കേസരി കോളജിൽ വോട്ട് രേഖപ്പെടുത്തി. പുറത്ത് കാത്തുനിന്ന മാധ്യമ പ്രവർത്തകർക്കൊപ്പം സൗഹൃദം പങ്കിട്ട് പോളിംഗ് സ്റ്റേഷനിൽ നിന്നിറങ്ങി.
ജാനാധിപത്യ സംവിധാനത്തിൽ ജനത്തിൻ്റെ കയ്യിലുള്ള ഏറ്റവും വലിയ ആയുധം വോട്ടാണ്. എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കുക.

‘രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം യുഡിഎഫിന് തിരിച്ചടിയാകില്ല’; തദ്ദേശ തിരഞ്ഞെടുപ്പിൽ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് വി ഡി സതീശൻ

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് പറഞ്ഞ വി ഡി സതീശൻ ഇതുവരെ യുഡിഎഫ് ജയിക്കാത്തിടത്ത് വരെ ഇത്തവണ ജയിക്കുമെന്നും എല്ലാ ജില്ലകളിലും പ്രവര്‍ത്തകര്‍ ആവേശത്തിലാണെന്നും കൂട്ടിച്ചേർത്തു.

നഗരസഭകളില്‍ മുന്‍പുതന്നെ തങ്ങള്‍ക്ക് മേല്‍ക്കൈയുണ്ട്. ഇത്തവണ പല പഞ്ചായത്തുകളും പുതിയതായി യുഡിഎഫ് പിടിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിൽ ശക്തമായ നടപടിയെടുത്തതിലൂടെ അത് കോണ്‍ഗ്രസിന് നേട്ടമാകുകയും സിപിഐഎമ്മിന് തിരിച്ചടിയാകുകയും ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വേണ്ടാത്ത കാര്യം ചെയ്തപ്പോള്‍ ഞങ്ങള്‍ ആ കൈ വിട്ടു. അതേസമയം മുഖ്യമന്ത്രി ഇപ്പോഴും വിടാതെ പിടിച്ചിരിക്കുന്ന കൈകള്‍ അറിയാമല്ലോയെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ പൂര്‍ണമായ ആത്മവിശ്വാസത്തിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഒന്ന് ശക്തമായ ഭരണവിരുദ്ധ വികാരം ഇവിടെയുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ ജനങ്ങളെ അമ്പരപ്പിച്ചു. കുറ്റക്കാരെ ഇപ്പോഴും പാര്‍ട്ടി സംരക്ഷിക്കുന്നതാണ് ജനങ്ങളെ കൂടുതല്‍ അമ്പരിപ്പിക്കുന്നത്. ഉന്നതര്‍ക്കെതിരായ അന്വേഷണം തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. പതിവിനപ്പുറമുള്ള മുന്നൊരുക്കം ഇത്തവണ കോണ്‍ഗ്രസ് നടത്തിയെന്നതാണ് രണ്ടാമത്തെ കാരണമെന്നും വി ഡി സതീശൻ പറഞ്ഞു.

Read more