കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്; കെ.പി.സി.സി നെഹ്‌റു കുടുംബത്തിനൊപ്പം, അതിനപ്പുറത്തേക്ക് കേരളത്തിലെ ഒരു നേതാവും തീരുമാനം എടുക്കേണ്ടതില്ല: കൊടിക്കുന്നില്‍ സുരേഷ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെപിസിസി നേതൃത്വം ഹൈക്കമാന്റിനൊപ്പമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി. വര്‍ഷങ്ങളായി ഗാന്ധി കുടുംബമാണ് പാര്‍ട്ടിയുടെ നേതൃനിരയിലുള്ളത് അതിനപ്പുറത്തേക്ക് കേരളത്തിലെ ഒരു നേതാവും തീരുമാനം എടുക്കേണ്ടതില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘കെപിസിസി ഹൈക്കമാന്റിനൊപ്പമാണ്. നെഹ്റു-ഗാന്ധി കുടുംബത്തിനൊപ്പമാണ്. അതിനപ്പുറത്തേക്ക് കേരളത്തിലെ ഒരു നേതാവും തീരുമാനം എടുക്കേണ്ടതില്ല. ഗാന്ധി കുടുംബമാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. അതിന് മാറ്റം വരുത്തേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ല.’ കൊടിക്കുന്നില്‍ പറഞ്ഞു.

വോട്ടര്‍പട്ടിക പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് ലോകസഭാ എംപിമാര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതികരണം. എംപിമാരുടെ നടപടി പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടു.

സ്ഥാപിതമോ വ്യക്തിപരമോ ആയ താല്‍പര്യങ്ങളായിരിക്കാം വോട്ടര്‍പട്ടിക പുറത്ത് വിടണമെന്ന ആവശ്യത്തിന് പിന്നില്‍. ചട്ടം അനുവദിക്കുമെങ്കില്‍ അത് കൊടുക്കുമല്ലോ. എംപിമാര്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിശോധിക്കണം. ന്യായമാണെങ്കില്‍ അവര്‍ക്ക് ഉന്നയിക്കാം. അവര്‍ക്ക് കെപിസിസിയെ സമീപിക്കാമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചത്.