എലത്തൂര്‍ തീവണ്ടി ആക്രമണം: കേരള പൊലീസിന് ഗുരുതരവീഴ്ച്ച, അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍, പിഴവുകള്‍ അക്കമിട്ട് നിരത്തി എന്‍.ഐ.എ

എലത്തൂര്‍ തീവണ്ടി ആക്രമണ കേസില്‍ കേരള പൊലീസിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ പൊലീസ് സഹകരണ മനോഭാവം കാണിക്കുന്നില്ലെന്നും പരാതിയുണ്ട്.

പൊലീസിന്റെ പിഴവുകള്‍ അക്കമിട്ടു നിരത്തിയാണ് എന്‍ഐഎ റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനകള്‍ വൈകിപ്പിച്ചത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്കില്‍ നിന്നും ലഭിച്ച ബാഗ് പരസ്യമായി പരിശോധിച്ചത് തെറ്റാണ്.

പ്രതിയുടെ വൈദ്യ പരിശോധനയില്‍ ദൃശ്യമാധ്യമത്തിന് പ്രവേശനം നല്‍കിയത് പിഴവാണെന്നും തീവ്രവാദ കേസ് അന്വേഷണത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ട്രെയിനിലും ട്രാക്കിലും പരിശോധന വൈകിപ്പിതായും ആരോപണമുണ്ട്. ട്രെയിനില്‍ സംയുക്ത പരിശോധന നടന്നില്ല. ബാഗ് ട്രാക്കില്‍ നിന്ന് ലഭിച്ചത് പിറ്റേന്ന് രാവിലെയാണെന്നും കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. പൊലീസ് സംഭവം ഗൗരവമായി എടുത്തില്ലെന്നും കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ് അവഗണിച്ചെന്നും കേന്ദ രഹസ്യാന്വേഷണ വിഭാഗവും കുറ്റപ്പെടുത്തി.

അതേസയം കേസിലെ പ്രതിയായ ഷാരൂക് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. കരള്‍ സംബന്ധമായ അസുഖത്തിന്റെ തുടര്‍ ചികിത്സക്കായി ഷാരൂഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കും.