സ്‌കൂൾ കാലത്തെ ഓർമ്മകൾ ഇനി ഒറ്റ ക്ലിക്കിൽ; 1896 മുതലുള്ള പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി വിരൽത്തുമ്പിലുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

‘സ്കൂൾ പഠന കാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങൾ. മിക്കവരുടെയും പക്കൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന് കൂടെ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകാം. അതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിലെന്നും’- എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

‘സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഭാഗമായി ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു മികച്ച ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ലൈബ്രറിക്ക് അനുബന്ധമായി ടെക്സ്റ്റ് ബുക്ക് ആര്‍ക്കൈവ്‌സും നിലവിലുണ്ട്. നിരവധി വര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. എന്നാൽ കാലപ്പഴക്കം കൊണ്ട് പല പുസ്തകങ്ങളും ഉപയോഗശൂന്യമാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യം എസ്.സി.ഇ.ആര്‍.ടി. ഗവേണിംഗ് ബോഡി യോഗം വിശദമായി ചര്‍ച്ച ചെയ്യുകയും നിലവിലെ ആര്‍ക്കൈവ്‌സ് ഡിജിറ്റൈസ് ചെയ്യുന്നതിന് തീരുമാനം കൈക്കൊള്ളുകയും ചെയ്യുകയായിരുന്നു.

ഇതിന്റെ ഭാഗമായി നിലവില്‍ 1250ലധികം പാഠപുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്തിട്ടുള്ളത്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഏകദേശം ഒന്നര ലക്ഷത്തോളം പേജുകള്‍ ഇതിനോടകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. ഈ പ്രവര്‍ത്തനം ഇനിയും തുടരേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകും. ഡിജിറ്റല്‍ ആര്‍ക്കൈവ്‌സിന്റെയും ഇ- ഓഫീസിന്റെയും ഔപചാരികമായ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് വൈകുന്നേരം 3.30ന് എസ്.സി.ഇ.ആര്‍.ടി ഗസ്റ്റ്ഹൗസില്‍ വച്ച് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.