ഹെൽമറ്റില്ലാതെ ബൈക്കോടിച്ച കേസ്; ഭീഷണിയെ തുടർന്ന് പൊലീസുകാർക്ക് നൽകിയ സ്ഥലം മാറ്റം റദ്ദാക്കി, നിയമം ലംഘിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴ

തിരുവനന്തപുരത്ത് ഹെൽമറ്റില്ലാതെ ബൈക്കോടിച്ച കേസിൽ നടപടിയെടുത്ത പൊലീസിന്റെ നടപടിയെ തുടർന്നുണ്ടായ വിവാദങ്ങൾ ഏറെ ചർച്ചയായിരുന്നു. കേസിൽ ഡിവൈഎഫ്ഐ നേതാവിന് പിഴ ചുമത്തിയതാണ് സംഘർഷങ്ങൾക്ക് വഴി വച്ചത്. പിന്നീട് ഭീഷണിയെ തുടർന്ന് പൊലീസുകാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയിരിക്കുകയാണ്.

പേട്ട സ്റ്റേഷനിലാണ് സി.പി. എം ഭീഷണിയെ തുടർന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കിയത്.രണ്ട് എസ് ഐ ഉൾപ്പെടെ മൂന്ന് പേരെയും പേട്ട സ്‌റ്റേഷനിൽ തന്നെ നിയമിച്ചു.വകുപ്പ് തല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്‍റേതാണ് നടപടി.

സംഭവത്തിൽ വ്യാപകമായി വിമർശനം ഉയർന്നതോടെയാണ് സ്ഥലം മാറ്റം റദ്ദാക്കിയത്.പൊലീസുകാരെ മാറ്റിയ നടപടി തിരുത്തിയെങ്കിലും സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ പാർട്ടിക്കാർക്കെതിരെ ഇനിയും നടപടിയെടുത്തിട്ടില്ല.

ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന് പിഴ അടക്കാൻ നോട്ടീസ് നൽകിയിതിനായിരുന്നു പാർട്ടിക്കാർ ചൊവ്വാഴ്ച രാത്രി പേട്ട സ്റ്റേഷനിൽ സംഘർഷം ഉണ്ടാക്കിയത്. നടുറോഡിൽ പൊലിസും- പ്രവർത്തരുമായി ഏറ്റുമുട്ടി.പിന്നീട് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നേതാക്കളെ അനുനയിപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്.

വാഹനപരിശോധനക്കിടെ പൊലീസുകാർ മർദ്ദിച്ചുവെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പരാതി. സ്റ്റേഷനുള്ളിൽ വച്ച് എസ്ഐ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും ഡിവൈഎഫ്ഐ നേതാവ് പരാതി നൽകിയിരുന്നു.

പെറ്റിചുമത്തിയ പൊലീസുകാർക്കെതിരെയാണ് സ്ഥലം മാറ്റ നടപടി സ്വീകരിച്ചത് ഏറെ വിമർശനങ്ങൾക്ക് കാരണമായി. സംഭവത്തിൽ പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്.ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റ നടപടി റദ്ദാക്കിയത്