ദത്ത് വിവാദം: അന്വേഷണത്തില്‍ വിശ്വാസമില്ല, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം, സിബിഐ അന്വേഷണം വേണമെന്ന് അനുപമ

ദത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കുഞ്ഞിന്റെ അമ്മ അനുപമ. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് അനുപമ ഉന്നയിച്ചത്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, നടന്നത് കുട്ടിക്കടത്ത് തന്നെയാണെന്നും അവര്‍ ആരോപിച്ചു. സിബിഐ അന്വേഷണം വേണം. അതുവരെ സമരം തുടരുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

വകുപ്പുതല അന്വേഷണത്തിലൂടെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനന്ദയും ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനും പൊലീസും ചേര്‍ന്ന് തെളിവ് നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. വനിതാ – ശിശു വികസന വകുപ്പ് ഡയറക്ടര്‍ രേഖപ്പെടുത്തിയ തങ്ങളുടെ മൊഴികളിലും സംശയമുണ്ട്. ശിശുക്ഷേമ സമിതിയില്‍ പോയി അന്വേഷിച്ചതിന് രജിസ്റ്ററില്‍ തെളിവുകളില്ലെന്നാണ് പറയുന്നത്. താന്‍ രജിസ്റ്ററില്‍ ഒപ്പ് വച്ചിരുന്നു. സംഭവത്തില്‍ തെളിവടക്കം നശിപ്പിക്കുന്ന നടപടി ഉണ്ടായിട്ടുണ്ടെന്നും സംശയമുണ്ട്.

വീഴ്ചകള്‍ തന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ശ്രമം. ഇത് അംഗീകരിക്കാന്‍ കഴിയില്ല.കുഞ്ഞിനെ കിട്ടിയാലും സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. സമിതിക്ക് സംസ്ഥാനത്തിന് അകത്ത് മാത്രം ദത്ത് കൊടുക്കാനാണ് അനുമതിയെന്നും അനുപമ പറഞ്ഞു. ഡിഎന്‍എ പരിശോധന വീഡിയോയില്‍ പകര്‍ത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയെങ്കിലും അത് നടപ്പായില്ല. സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ലെന്നും അവര്‍ പറഞ്ഞു.

Read more

അതേസമയം കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനഫലം ഇന്ന് ലഭിച്ചേക്കും. റിപ്പോര്‍ട്ട് ലഭിച്ചാല്‍ അത് വൈകാതെ കോടതിയില്‍ ഹാജരാക്കും. ഡിഎന്‍എ ഫലം പോസിറ്റീവായാല്‍ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. അനുപമയും അജിത്തും ഇന്നലെ സാമ്പിള്‍ നല്‍കിയിരുന്നു.കുഞ്ഞിനെ തിരികെ എത്തിച്ചപ്പോള്‍ കാണാന്‍ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. ഡിഎന്‍എ പരിശോധയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കയുള്ളതായി അനുപമ ആരോപിച്ചിരുന്നു. എന്നാല്‍ ആന്ധ്രയില്‍ ഡിഎന്‍എ പരിശോധന നടത്താത്തത് സുതാര്യത ഉറപ്പാക്കാനാണെന്നും, കുഞ്ഞിന്റെ അവകാശവും സ്വകാര്യതയും സംരക്ഷിക്കുക എന്നതിനാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു.