വാടാ ബ്ലെഡി ക്രിമിനല്‍സ്... കാറില്‍ അടിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഇടയിലേക്ക് ചാടിയിറങ്ങി ഗവര്‍ണര്‍; ഗുണ്ടായിസം അനുവദിക്കില്ലെന്ന് തിരിഞ്ഞോടിയവരുടെ പിന്നാലെ പോയി വെല്ലുവിളിച്ചു; അസാധാരണ സംഭവം

കാര്‍ തടഞ്ഞു നിര്‍ത്തിയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ വാഹനത്തില്‍ നിന്നു ചാടിയിറങ്ങി വെല്ലുവിളിച്ച് ഗവര്‍ണര്‍. വാടാ ബ്ലെഡി ക്രിമിനല്‍സ്.. എന്നു വിളിച്ചുകൊണ്ടാണ് അദേഹം എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങിയത്. ഇതോടെ സുരക്ഷാ പ്രവര്‍ത്തകരും പ്രതിഷേധക്കാരും ആശങ്കിലായി. ഗവര്‍ണര്‍ കാറിന് പുറത്തിറങ്ങിയതോടെ പ്രതിഷേധിക്കാന്‍ എത്തിയവര്‍ തിരിഞ്ഞോടുകയായിരുന്നു.

എന്നാലും പുറകെ ചെന്ന് ഗുണ്ടകളെ വാടായെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിച്ചു. തുടര്‍ന്ന് അദേഹം വാഹനത്തിനടുത്തെത്തി സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഗവര്‍ണര്‍ താക്കീത് ചെയ്യുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുംവഴി പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്.

തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു.
സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചു.

ആദ്യം യൂണിവേഴ്സിറ്റി കോളജിനടുത്തുവെച്ചും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുവെച്ചും രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. ഈ രണ്ടുസ്ഥലങ്ങള്‍ക്കും ഇടയില്‍ വൈകിട്ടോടെ വീണ്ടും പ്രതിഷേധം ഉണ്ടായതോടെയാണ് ഗവര്‍ണര്‍ റോഡിലേക്കിറങ്ങിയത്. വാഹനത്തില്‍നിന്നും ഇറങ്ങിയ ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ചെല്ലുകയായിരുന്നു. ഏറെപാടുപെട്ടാണ് പ്രവര്‍ത്തകരെ പോലീസ് ജീപ്പില്‍ കയറ്റി ഇവിടെനിന്നും മാറ്റിയത്. തനിയ്ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെന്നാരോപിച്ച് പോലീസുകാരേയും അദ്ദേഹം രൂക്ഷഭാഷയില്‍ ശകാരിച്ചു.

എനിക്കുനേരെ പ്രതിഷേധമുണ്ടാവുമ്പോള്‍ പോലീസുകാര്‍ എല്ലാവരും കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു. പാവപ്പെട്ട അവര്‍ എന്തുചെയ്യാനാണ്. അവര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. ഞാന്‍ കാറില്‍നിന്നും ഇറങ്ങിയപ്പോള്‍ പ്രതിഷേധക്കാരെ ജീപ്പില്‍ കയറ്റി അവിടെനിന്നും മാറ്റുകയാണ് പോലീസുകാര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് ഇത്തരത്തില്‍ ആരെങ്കിലും വരാന്‍ പോലീസുകാര്‍ അനുവദിക്കുമോയെന്നും അതിവിടെ നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

Read more

എന്നെ കായികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി പ്രതിഷേധക്കാരെ അയച്ചതാണ്. ഗുണ്ടകളാണ് ഇവിടെ ഭരിക്കുന്നത്. ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നു. ഇവരുടെ ഗുണ്ടാരാജ് തുടരാന്‍ അനുവദിക്കില്ല. ഭരണഘടനാ സംവിധാനങ്ങള്‍ തകരുന്നതും അനുവദിക്കാനാകില്ല. ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടാവാം. അതിന് കായികമായി തന്നെ അക്രമിക്കാനുള്ള ഗൂഢാലോചനയാണോ മുഖ്യമന്ത്രി നടത്തേണ്ടതെന്നും ഗവര്‍ണര്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്ന് അദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മാധ്യമങ്ങളെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ അറിവേടെയാണ് തന്നെ ആക്രമിച്ചതെന്ന് ആരോപിച്ചു. ആക്രമണത്തില്‍ അദേഹം കേന്ദ്ര സര്‍ക്കാരിനെയും ഗവര്‍ണര്‍ വിവരം അറിയിച്ചിട്ടുണ്ട്.