കുടിശ്ശിക നല്‍കിയില്ല, മരുന്ന് വിതരണം നിലച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് വിതരണം നിലച്ചു. വിതരണക്കാര്‍ക്ക് കുടിശ്ശിക വരുത്തിയതോടെയാണ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിറുത്തിയത്. ഫ്‌ലൂയിഡുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ വാങ്ങിയ ഇനത്തിലാണ് കുടിശ്ശിക.

കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചെറിയ വിലയില്‍ മരുന്ന് ലഭ്യമായിരുന്ന ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. വിതരണക്കാര്‍ക്ക് 75 ലക്ഷം രൂപയോളം കുടിശ്ശിക വരുത്തിയതോടെ 8,000രൂപയ്ക്ക് ലഭിക്കേണ്ട മരുന്നുകള്‍ പുറത്ത് നിന്ന് 30,000രൂപയ്ക്ക് വാങ്ങിക്കേണ്ട അവസ്ഥയിലാണ് നിര്‍ധനരായ രോഗികള്‍.

കുടിശ്ശിക വിഷയത്തില്‍ അധികൃതര്‍ അന്തിമ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രിയിലെ മരുന്ന് വിതരണം പൂര്‍ണമായും തടസപ്പെടും. കുടിശ്ശിക ലഭിക്കാതെ വിതരണമില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. കുടിശ്ശിക സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ വിതരണക്കാരുടെ സംഘടന കത്ത് നല്‍കിയിരുന്നു.