അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികളായ ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹര്‍ജി നല്‍കി. മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി കോടതിയില്‍ നേരത്തെ നല്‍കിയിരുന്നു. നിതിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ അധ്യാപകരായ എം കെ റാം, ഡോ സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിതിന്‍ രാജിന്റെ ആത്മഹത്യയാണ് എന്നതില്‍ സംശയം ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ആരോപണ വിധേയരായ ഡോക്ടര്‍ എം കെ റാമിന്റെയും ഡോക്ടര്‍ സംഗീതയുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവര്‍ക്കും നോട്ടീസ് നല്‍കി വിളിച്ചുവരുത്തും.
സ്വന്തം അധ്യാപകരില്‍ നിന്ന് നേരിട്ട ദുരനുഭവം നിതിന്‍ സുഹൃത്തിനോട് പറഞ്ഞത് മരണത്തിന് രണ്ടു ദിവസം മുമ്പ് ആയിരുന്നു. കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരം വേട്ടയാടി. മാര്‍ക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമര്‍ശങ്ങള്‍ നടത്തിയെന്നും നിതിന്‍ വെളിപ്പെടുത്തിയിരുന്നു.
നിതിന്‍ രാജിന്റെ സമാന അനുഭവമുള്ള മറ്റു വിദ്യാര്‍ത്ഥികളുമുണ്ട് ഡെന്റല്‍ കോളേജിലെന്നാണ് വ്യക്തമാകുന്നത്. തുറന്നുപറഞ്ഞാല്‍ നടപടി നേരിടുമെന്നാണ് ആശങ്ക. കഴിഞ്ഞവര്‍ഷം വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഡോക്ടര്‍ എം കെ റാം സസ്‌പെന്‍ഷനിലായിരുന്നു.
നിതിന്‍ രാജിന്റ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍. രാവിലെ ക്യാംപസിനു മുന്നില്‍ കോട്ട് ഊരി പ്രതിഷേധിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. വിവിധ ആവശ്യങ്ങളുന്നയിച്ച് മാനേജ്‌മെന്റിന് കത്തും നല്‍കി. ആരോപണവിധേയനായ ഡോ. റാമിനെ പുറത്താക്കണമെന്നാണ് പ്രധാന ആവശ്യം. വിദ്യാര്‍ഥികളെ മാനസികമായി ഉപദ്രവിക്കുന്ന മറ്റ് രണ്ട് അധ്യാപകര്‍ക്കെതിരെയും നടപടിയെടുക്കണം.
Read more
നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണം. സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണം. മാനേജ്‌മെന്റുമായി വിദ്യാര്‍ഥികള്‍ക്കു നേരിട്ടു ബന്ധപ്പെടാനുള്ള സാഹചര്യം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പ്രിന്‍സിപ്പലിന് പരാതി നല്‍കി. അക്കാദമിക് കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ക്കും കത്ത് നല്‍കി.







