കേരളത്തില്‍ കോവിഡ് ഉപവകഭേദം ജെഎന്‍ 1 കണ്ടെത്തിയ സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഈ വകഭേദം നേരത്തെയുണ്ടെന്നും കേരളത്തിലെ ആരോഗ്യ സംവിധാനം മികച്ചതായതുകൊണ്ട് ഇവിടെ കണ്ടെത്താനായെന്ന് മാത്രമേയുള്ളൂവെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് സിംഗപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യക്കാരായ യാത്രക്കാരില്‍ വകഭേദം കണ്ടെത്തിയിരുന്നു. കേരളത്തിന്റെ ആരോഗ്യ സംവിധാനം മികച്ചതായതുകൊണ്ട് ജനിതക ശ്രേണീകരണത്തിലൂടെ വകഭേദം കണ്ടെത്താനായി. ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും മറ്റ് അനുബന്ധ അസുഖങ്ങളുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്തെ കരകുളത്ത് നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് ഉപവകഭേദം കണ്ടെത്തിയത്. ഇക്കാര്യം ഐസിഎംആര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും നടപടികള്‍ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.
Read more
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കോവിഡ് കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം. കഴിഞ്ഞ ദിവസം രാജ്യത്താകമാനം സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകളും കേരളത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.