കോൺഗ്രസിലെ യുവനേതാക്കൾക്ക് ഉപദേശവുമായി അജയ് തറയിൽ. വസ്ത്രധാരണത്തിൽ പുതിയ തലമുറ ഡിവൈഎഫ്‌ഐയെ അനുകരിക്കരുതെന്ന് അജയ് തറയിൽ പറഞ്ഞു. ഖദർ ഇല്ലെങ്കിൽ കോൺഗ്രസ് ഇല്ല എന്നും അജയ് തറയിൽ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്കിലൂടെയായിരുന്നു അജയ് തറയിലിന്റെ ഉപദേശം.
യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെയാണ് മുതിർന്ന നേതാവ് അജയ് തറയിൽ രംഗത്തെത്തിയത്. വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുകയാണെന്ന് അജയ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഖദർ വസ്ത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും അജയ് തറയിൽ പറഞ്ഞു.
ഖദർ വസ്ത്രവും മതേതരത്വവുമാണ് കോൺഗ്രസിൻ്റെ അസ്ഥിത്വം. ഖദർ ഒരു വലിയ സന്ദേശവും ആദർശവുമാണ്. മുതലാളിത്തത്തിനെതിരായ ഏറ്റവും വലിയ ആയുധവുമാണ്. ഖദർ ഇടാതെ നടക്കുന്നതാണ് ന്യൂജൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഡിവൈഎഫ്ഐക്കാരെ എന്തിന് അനുകരിക്കണമെന്നും അജയ് തറയിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.







