ഡോക്ടര്‍മാര്‍ പണിമുടക്കില്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ അടക്കം ഒ.പി ബഹിഷ്‌കരിക്കും

കോഴിക്കോട് ഫാത്തി ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. അത്യാഹിതവിഭാഗവും ലേബര്‍ റൂമും ഒഴികെയുള്ള എല്ലാ ഓപി സേവനങ്ങളും രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ബഹിഷ്‌കരിക്കും.

ഐ.എംഎ.ൃയുടെ ആഹ്വാനപ്രകാരമാണ് സമരം. ഡോ. പി.കെ അശോകനെയാണ് രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ അക്രമം സൃഷ്ടിക്കുച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ഐഎംഎ കോഴിക്കോട് ശാഖാ പ്രസിഡന്റ് ഡോ. ബി. വേണുഗോപാലന്‍, സെക്രട്ടറി ഡോ. കെ. സന്ധ്യാക്കുറുപ്പ് എന്നിവര്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് ഭയപ്പാടോടെയല്ലാതെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ട്. മര്‍ദനം നടത്തിയവര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുക്കണം. കെജിഎംഒഎയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നടപടിയുണ്ടായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കും എന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, ശസ്ത്രക്രിയകളും അത്യാഹിത വിഭാഗവും സാധാരണ പോലെ പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജിലും രാവിലെ 11.30 മുതല്‍ 12.30 വരെ പ്രതിഷേധ പ്രകടനവും നടത്തും.