തിരുവനന്തപുരത്ത് ഡോക്ടർക്ക് നേരെ ആക്രമണം; ചെരുപ്പേറ്, അസഭ്യവർഷം, രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയലെ ഡോക്ടർക്ക് നേരെ ആക്രമണം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെൻറിലെ ഡോ ജയശാലിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കൺസൾട്ടിംഗ് റൂമിലേക്ക് ചെരിപ്പൂരി മാത്രം കയറണമെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതരായ രണ്ടുപേർ ഡോക്ടർക്ക് നേരെ ചെരിപ്പ് എറിയുകയായിരുന്നു. ഡോക്ടറെ അസഭ്യം പറയുകയും ചെയ്തു.

ഡോക്ടർ ജയശാലിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മണിക്കൂറുകൾക്കിടെ പൊലീസ് രണ്ട് പ്രതികളെയും പിടികൂടി. മദ്യപിച്ചാണ് ഇവർ ഡോക്ടറെ ആക്രമിച്ചതെന്നാണ് വിവരം.

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് വീണ്ടും മറ്റൊരു ഡോക്ടർ ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുള്ള ഫോർട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർക്കും ജീവനക്കാർക്കും മർദനമേറ്റിരുന്നു.