ചെളിവെള്ളം വിതരണം ചെയ്യുന്നു; തൃശൂരില്‍ മേയറുടെ കാര്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം

തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയറുടെ കാറ് തടഞ്ഞ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. കോര്‍പ്പറേഷനില്‍ ചെളിവെള്ളമാണ് വിതരണം ചെയ്യുന്നത് എന്നാരോപിച്ചാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.

കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം മേയര്‍ എം കെ വര്‍ഗീസിന്റെ കോലത്തില്‍ ചെളിവെള്ളം ഒഴിച്ചു. ഇതേ തുടര്‍ന്ന് മേയര്‍ യോഗം നിര്‍ത്തി പോകുകയായിരുന്ന മേയറെ കാറിന് മുന്നിലെത്തി കൗണ്‍സിലര്‍മാര്‍ തടയുകയായിരുന്നു.

കാര്‍ മുന്നോട്ടെടുത്തിനെ തുടര്‍ന്ന് പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍ അടക്കം ചിലര്‍ക്ക് പരിക്കേറ്റു. പുതൂക്കര കൗണ്‍സിലര്‍ മേഫി ഡെല്‍സനാണ് പരിക്കേറ്റത്. ഇടിച്ചു തെറിപ്പിക്കുന്ന തരത്തിലാണ് ഡ്രൈവര്‍ കാര്‍ എടുത്തതെന്നും പ്രതിപക്ഷം ആരോപിച്ചു.

മേയര്‍ പോയതിന് ശേഷവും പ്രതിഷേധക്കാര്‍ മേയറുടെ ചേമ്പറില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മേയർ ഇവിടേക്ക് തിരിച്ചുവരണമെന്നും മാപ്പ് പറയണമെന്നുമാണ് ഇപ്പോൾ ഇവരുടെ പ്രധാന ആവശ്യം.  ചെളിവെള്ളമാണ്  55 ഡിവിഷനുകളിലും കുടിവെള്ളമായി വിതരണം ചെയ്യുന്നതെന്നാണ് കൗൺസിലർമാർ ആരോപിക്കുന്നത്.