സുധാകരന്റെ നിയമനത്തിൽ അതൃപ്തി; കെ.പി.സി.സി ആസ്ഥാനത്ത് നേതാക്കളുടെ കൂടിക്കാഴ്ച

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നു. പുതിയ കെപിസിസി അദ്ധ്യക്ഷന്റെ നിയമനവും വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനവും സംബന്ധിച്ച് നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്, ഈ സാഹചര്യത്തിലാണ് മൂന്ന് നേതാക്കളുടെയും കൂടിക്കാഴ്ച എന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

നിയുക്ത കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ ചുമതലയേൽക്കുന്നതിന് മുമ്പ് നേതാക്കളെ അനുനയിപ്പിക്കുന്നതിനും ഒപ്പം നിർത്തുന്നതിനും വേണ്ടിയുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയുമെന്നാണ് സൂചന. ഓരോ നേതാക്കളെയും പ്രത്യേകം കണ്ട്, പിന്തുണ ഉറപ്പാക്കുന്ന സാഹചര്യത്തിലാണ് മൂന്ന് നേതാക്കളുടെയും കൂടിക്കാഴ്ച. നിലവിലെ ഹൈക്കമാൻഡ് തീരുമാനങ്ങളിൽ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ പരാതി അറിയിക്കാനുള്ള നടപടികളും നേതാക്കൾ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്.

പരസ്യപ്രസ്താവനകളില്ലാതെ ഹൈക്കമാൻഡിന് പരാതി അറിയിക്കാനാണ് സാധ്യത. പുനഃസംഘടന നടത്തുമെന്നും ജംബോ കമ്മിറ്റികൾ ഒഴിവാക്കുമെന്നുമുള്ള കെ സുധാകരന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനവും നേതാക്കൾക്ക് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ജംബോ കമ്മിറ്റികൾ ഒഴിവാക്കുമ്പോൾ ഗ്രൂപ്പ് നേതാക്കൾക്ക് വേണ്ടപ്പെട്ട പലരും തഴയപ്പെടുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്.