പുറത്താക്കൽ, തരംതാഴ്ത്തൽ; പാലക്കാട് സി.പി.എമ്മിൽ ഇരുപതോളം പേർക്ക് എതിരെ കൂട്ടനടപടി 

പാലക്കാട് സിപിഎമ്മിൽ കൂട്ടനടപടി.  കണ്ണാടി സർവീസ് സഹകരണ ബാങ്ക് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് അച്ചടക്ക നടപടി.  പുതുശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഇരുപതോളം പേർക്കെതിരെയാണ് കൂട്ട നടപടി ഉണ്ടായിരിക്കുന്നത്.  പുറത്താക്കൽ, തരംതാഴ്ത്തൽ അടക്കമുള്ള നടപടികളാണ് പാർട്ടി ഇവർക്കെതിരെ എടുത്തത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്ര ബാക്കി നിൽക്കെയാണ് കൂട്ട നടപടി.

കണ്ണാടി ലോക്കൽ കമ്മിറ്റി അംഗവും സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ വി സുരേഷിനെയാണ് പുതുശ്ശേരി ഏരിയാ കമ്മിറ്റിയിൽ നിന്ന് പാർട്ടി പുറത്താക്കാൻ തീരുമാനിച്ചത്. ബാങ്ക് മുൻ ഭരണ സമിതി അംഗങ്ങളായ ആർ ചന്ദ്രശേഖരൻ, വി ഗോപിനാഥൻ, വി പത്മനാഭൻ, എസ് ഉണ്ണിക്കൃഷ്ണൻ എന്നിവരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും പാർട്ടി തീരുമാനിച്ചു.

അതേസമയം പുതുശ്ശേരി ഏരിയ സെന്റർ അംഗവും ഏലപ്പുള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി ഹരിദാസ്, പുതുശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ ഉണ്ണിക്കൃഷ്ണനേയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. കൊടുമ്പിൽ നിന്നുള്ള ഏരിയ കമ്മിറ്റി അംഗം രാജൻ ഉൾപ്പെടെ 9 പേർക്കെതിരെയും നടപടി തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. നേരത്തെ സംസ്ഥാന കമ്മിറ്റി അംഗം കെവി രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ നടന്ന രണ്ട് യോഗങ്ങളിലും നടപടി പരിഗണിച്ചിരുന്നില്ല.