'2018'-ല്‍ പിണറായി സര്‍ക്കാരിനെ അദൃശ്യവത്കരിച്ചു; ജൂഡ് ചിത്രീകരിച്ചത് ഉടോപ്യന്‍ കേരളം; ആഷിക് അബുവിന്റെ വൈറസ് സ്വീകരിച്ച സമാന രീതി; രൂക്ഷവിമര്‍ശനവുമായി സി.പി.എം മുഖപത്രം

തീയറ്ററില്‍ സൂപ്പര്‍ഹിറ്റായ ഓടികൊണ്ടിരിക്കുന്ന ജൂഡ് ആന്തണി സിനിമയായ 2018നെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം. സിനിമയില്‍ സര്‍ക്കാരിന്റെ സേവനങ്ങള്‍ എടുത്തുകാട്ടിയില്ലെന്നാണ് ദേശാഭിമാനി വിമര്‍ശനം ഉന്നയിക്കുന്നത്. ഒരു ചരിത്ര ഡോക്യുമെന്റിന് സമാനമായി നില്‍ക്കേണ്ട സിനിമയില്‍ സത്യസന്ധത വളരെ പ്രധാനമാണെന്ന് ദേശാഭിമാനി പറയുന്നു. ആഷിക് അബുവിന്റെ വൈറസ് സ്വീകരിച്ചതിന് സമാനമായ രീതി തന്നെയാണ് 2018ഉം സര്‍ക്കാര്‍ സംവിധാനത്തെ അവതരിപ്പിക്കുന്നതില്‍ സ്വീകരിച്ചത്. ഒരു ചരിത്ര ഡോക്യുമെന്റേഷന് സമാനമായി നില്‍ക്കാന്‍ സാധ്യതയുള്ള ‘ഫിക്ഷന്‍’ എന്ന നിലയില്‍ അവതരണത്തിലെ ചില സൃഷ്ടികള്‍ വലിയ പോരായ്മയാണ്, അതിനപ്പുറം അപകടവുമാണെന്ന് 2018 സിനിമയുടെ റിവ്യൂവില്‍ പത്രം വിമര്‍ശനം ഉന്നയിക്കുന്നു.

ദേശാഭിമാനിയുടെ 2018 സിനിമയെക്കുറിച്ചുള്ള വിമര്‍ശനം ഇങ്ങനെ:

ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയമുണ്ടായത് എന്ന അജന്‍ഡ നിര്‍മിതമായ വാട്സാപ്പ് ഫോര്‍വേഡ് തന്റെ നിലപാടായി പ്രഖ്യാപിച്ചയാണ് സംവിധായകന്‍ ജൂഡ്. എം എം മണി മന്ത്രിയായപ്പോള്‍ വെറുതെ സ്‌കൂളില്‍ പോയി എന്ന് അധിക്ഷേപിച്ച ആളുമാണ്. ഈ രണ്ട് നിലപാടുകള്‍ മതി ജൂഡിന്റെ രാഷ്ട്രീയം തിരിച്ചറിയാന്‍. ഡാം തുറന്ന് വിട്ടാണ് പ്രളയമുണ്ടായത് എന്ന നുണ ഇനിയും പറഞ്ഞാല്‍ കേരള ജനത തിരസ്‌കരിക്കുമെന്ന ഉറച്ച ബോധ്യമുള്ളത് കൊണ്ടായിരിക്കണം അങ്ങനെ നേരിട്ട് പറയാതെയിരുന്നത്.

വളച്ചൊടിക്കലും വ്യാജ പ്രചരണവും പോലെ തന്നെ അപകടമാണ് അദൃശ്യവല്‍ക്കരണവും തിരസ്‌കരണവും. മഹാപ്രളയത്തിലെ യഥാര്‍ഥ നായകര്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. എന്നാല്‍ സിനിമയില്‍ അവതരിപ്പിച്ച പോലെ ഒരു പള്ളിലച്ചന്‍ വിളിച്ചത് കൊണ്ട് മാത്രം ഓടി വന്നവരല്ല അവര്‍. അവരെ വിളിച്ചവരില്‍ ഈ നാടിന്റെ സര്‍ക്കാര്‍ സംവിധാനം മുതല്‍ ഈ നാട്ടിലെ സാധാ മനുഷ്യര്‍ വരെയുണ്ട്. അത് കേട്ട്, പ്രതിസന്ധി തിരിച്ചറിഞ്ഞ് എത്തിയതാണ്. പ്രളയകാലത്തെ യഥാര്‍ഥ ഹീറോ അവര്‍ തന്നെയാണ്. അത് കൊണ്ട് തന്നെയാണല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ കേരളത്തിന്റെ സൈന്യം എന്ന് വിളിച്ചതും നാട് അത് ഏറ്റ് വിളിച്ചതും. പക്ഷെ അത് കേവലം സഭയുടെ അക്കൗണ്ടില്‍ ചാര്‍ത്തികൊടുക്കേണ്ടതല്ല.

സിനിമ കണ്ടാല്‍ തോന്നുക, പ്രളയത്തെ നാട് സ്വയം അതിജീവിച്ചതാണെന്നാണ്. നമ്മള്‍ ഒരുമിച്ച് ഇറങ്ങുവല്ലേ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവിനെയടക്കം ഒപ്പം കൂട്ടി ഇറങ്ങിയ ഒരു മുഖ്യമന്ത്രിയുണ്ട്. പേര് പിണറായി വിജയന്‍, സിപിഐ എമ്മിന്റെ പിബി അംഗം. ഇതിന്റെ ഭാഗമായാണ് പ്രളയ അതിജീവനവും പ്രളയാനന്ത പുനര്‍നര്‍മാണവുമെല്ലാം സാധ്യതമാക്കിയതിത്. 30 കൊല്ലം പിടിക്കും പഴയ കേരളമാക്കാന്‍ എന്ന് പറഞ്ഞ ഇടത്താണ് നാല് കൊല്ലം പിന്നിടും മുമ്പ് അതിലും ഉജ്വലമായ നവകേരളം ഉയര്‍ന്നത്. സിനിമയിലെ പോലെ നിസഹായനായ മുഖ്യമന്ത്രിയല്ല കേരളത്തിനുണ്ടായത്.

ചരിത്രത്തെ അദശ്യവല്‍ക്കരിക്കരുത്. സര്‍ക്കാര്‍ എന്ന ജനാധിപത്യ സംവിധാനമില്ലാത്ത ഉടോപ്യന്‍ കേരളമാണ് ജൂഡ് ചിത്രീകരിച്ചത്. പകച്ച് നില്‍ക്കുന്ന ഉദ്യോഗസ്ഥരാണ് സിനിമയിലേത്. അതല്ല എന്ന് ആ നാളുകളിലെ ചാനലുകള്‍ എങ്കിലും നോക്കിയാല്‍ മതി. അതിരൂക്ഷമായ പ്രതിസന്ധിയെ കൃത്യമായ ഇടപെടലിലൂടെ മറികടക്കാന്‍ പ്രവര്‍ത്തിച്ചവരാണവര്‍. താഴേത്തട്ടില്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ ക്രിയാത്മകമായി തന്നെ ഇടപെട്ടു. രാഷ്ട്രീയ അന്ധതയില്‍ അവരെയും മറന്നാണ് സിനിമ പോയത്. ദുരന്ത നിവാരണ അതോറിറ്റി മുതല്‍ ഓരോ ജില്ലകളിലും പ്രദേശത്തും കൃത്യമായി കാര്യങ്ങള്‍ ഏകോപിപ്പിച്ച തദ്ദേശ ഭരണ സംവിധാനങ്ങള്‍ വരെ നീളുന്ന വലിയ സംവിധാനമുണ്ടായിരുന്നു.

പ്രളയകാലത്ത് ലോകത്തിന്റെ മനസില്‍ പതിഞ്ഞ ഫ്രെയിമുകളില്‍ ഒന്ന് കുത്തിയൊലിക്കുന്ന പുഴയ്ക്കുമീതെ ചെറുതോണി പാലത്തിലൂടെ കുട്ടിയെ കൊണ്ട് ഓടി വരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യമാണ്. അതുപോലെ അനവധി രക്ഷാപ്രവര്‍ത്തനങ്ങളുണ്ട്. കേരള പോലീസ്, ഫയര്‍ ഫോഴ്സ്, കെഎസ്ഇബി ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, കേന്ദ്ര സേന, സന്നദ്ധ സംഘടനകള്‍ തുടങ്ങി മന്ത്രിമാരും എംഎല്‍എമാരടക്കം ഇറങ്ങിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരൊന്നുമില്ലാത്ത ഒരു പ്രളയകാലത്തിന്റെ എന്ത് കേരളാ സ്റ്റോറിയാണ് പറയാനാകുക. അതില്‍ എവിടെയാണ് സത്യസന്ധത? കേരളത്തിലെ രാഷ്ട്രീയ പാര്‍ടികള്‍, യുവജന സംഘടനകള്‍, ക്ലബുകള്‍ തുടങ്ങി എത്ര പേര്‍, എത്ര സംവിധാനങ്ങള്‍- ഇതിനെയെല്ലാം ഏകോപിപ്പിച്ച് കൊണ്ട് പോയ ഇടത്പക്ഷ സര്‍ക്കാര്‍. അതിനെ അദൃശ്യവല്‍കരിച്ച് എന്ത് ചരിത്ര ഡോക്യൂമെന്റേഷനാണ് സാധ്യതമാകുക.

‘എവരി വണ്‍ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനില്‍ വന്ന സിനിമയില്‍ ‘പൊതു ബോധ’മായ സൈനിക ഹീറോവല്‍ക്കരണവും നടത്തി കൈയ്യടി നേടാന്‍ ശ്രമിക്കുന്നുണ്ട്. ടോവിനോയുടെ ഭയം കൊണ്ട് സൈന്യത്തില്‍ നിന്ന് ഓടി പോന്ന അനൂപിനെ മറ്റുള്ളവരില്‍ നിന്ന് കുറച്ച് മുകളിലേക്ക് നിര്‍ത്തുന്നത് ഈ പൊതുബോധനിര്‍മിതയുടെ ഭാഗമായാണ്. പ്രളയാനന്തരം സ്മാരകം നിര്‍മിച്ചല്ല കേരളം പിന്നിട്ട കാലത്തെ ഓര്‍മയില്‍ സൂക്ഷിക്കുന്നത്. മറിച്ച് പ്രളയം തകര്‍ത്ത ഇടങ്ങളെ വൃത്തിയാക്കാന്‍ കൈമെയ് മറന്ന് എത്തിയ മനുഷ്യരിലൂടെയും അതിന് ശേഷം നാടിനെ പുനര്‍നിര്‍മിച്ചുമാണ്. ആ മാനവികത കാണാതെ കേവലം സ്മാരകങ്ങളുടെ മറവില്‍ ഒളിക്കുകയാണ് സിനിമ. ആ മറവിയില്‍, മറച്ച് വെക്കപ്പെടുന്നത് കേരളത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പാണ്.