ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്‍കിയ കുഞ്ഞിന്റെ മരണം; കൊലപാതകമെന്ന് പൊലീസ്; അരുംകൊല മുഖത്ത് തുടര്‍ച്ചയായി വെള്ളം ഒഴിച്ച്

പത്തനംതിട്ട തിരുവല്ലയില്‍ യുവതി ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്‍കിയ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് മല്ലപ്പള്ളി സ്വദേശിനി നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവത്തിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളം ഒഴിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി ഹോസ്റ്റല്‍ മുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ മലര്‍ത്തി കിടത്തി തുടര്‍ച്ചയായി മുഖത്തേക്ക് വെള്ളം ഒഴിക്കുകയായിരുന്നു. കുഞ്ഞിന്റെ ശ്വാസകോശത്തില്‍ വെള്ളം എത്തിയതോടെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read more

അതേ സമയം പ്രതി ഗര്‍ഭിണിയായിരുന്ന വിവരം ബന്ധുക്കളോ ഹോസ്റ്റലില്‍ ഒപ്പം ഉണ്ടായിരുന്നവരോ അറിഞ്ഞിരുന്നില്ല. തൃശൂര്‍ സ്വദേശിയായ കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ചെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. കൊലപാതകത്തില്‍ ഇയാള്‍ക്കും പങ്കുണ്ടോ എന്ന വിവരവും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.