കരിയില കൂനയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവം; രേഷ്മയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച് കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ രേഷ്മയെ പ്രതിയാക്കി അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. പരവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 55 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 20 പേജ് അനുബന്ധ രേഖകളാണ്.

കേസില്‍ അമ്മ രേഷ്മ മാത്രമാണ് പ്രതി. ഭര്‍ത്താവ് വിഷ്ണു ഉള്‍പ്പെടെ 54 പേര്‍ സാക്ഷികളാണ്. നവജാത ശിശുവിനെ ഉപേക്ഷിക്കൽ, കരുതിക്കൂട്ടിയുള്ള കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്.

ജനുവരി അഞ്ചിനാണ് വീടിന് പുറകിലുള്ള കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ആറു മാസത്തിനു ശേഷമാണ് കുഞ്ഞിന്റെ അമ്മ രേഷ്മയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായത്. ജൂണ്‍ 22 ന് രേഷ്മ അറസ്റ്റിലായി. ഫെയ്‌സ്ബുക്കിലൂടെ മാത്രം പരിചയമുള്ള കാമുകനൊപ്പം പോകാന്‍ കുഞ്ഞിനെ ഉപേക്ഷിച്ചെന്നായിരുന്നു രേഷ്മ മൊഴി നല്‍കിയത്.

കാമുകന്‍ അനന്തുവുമായി നടത്തിയ ചാറ്റുകളുടെ വിശദമായ റിപ്പോര്‍ട്ട് ഫെയ്‌സ്ബുക്കില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. പിന്നീട് അനന്തു എന്ന പേരില്‍ ചാറ്റ് ചെയ്തിരുന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവരെ ഇത്തിക്കരയാറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.