സംസ്ഥാനത്ത് ഭരണസ്തംഭനം; സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 1.48 ലക്ഷം ഫയലുകള്‍, മുഖ്യമന്ത്രിയുടെ വകുപ്പില്‍ മാത്രം 11,415 ഫയലുകള്‍, തീര്‍പ്പാക്കല്‍ യജ്ഞം വേണമെന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി

 

 

സംസ്ഥാന ഭരണ കേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ കെട്ടികിടക്കുന്നത് 1.48 ലക്ഷം ഫയലുകള്‍. സംസ്ഥാനം കടുത്ത ഭരണസ്തംഭനത്തിലേക്ക്.പൊതുഭരണം, റവന്യു , തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആഭ്യന്തരം, ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലാണ് കൂടുതല്‍ ഫയലുകള്‍ കെട്ടി കിടക്കുന്നത് . ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രസംഗിച്ച് ഭരണം തുടങ്ങിയ മുഖ്യമന്ത്രിക്ക് ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ മുന്നേറാന്‍ സാധിക്കുന്നില്ല എന്നാണ് കെട്ടി കിടക്കുന്ന ഫയലുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫയലുകള്‍ കെട്ടി കിടക്കുന്നതില്‍ മുഖ്യമന്ത്രി കടുത്ത നിരസത്തിലാണ്. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തണമെന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവിശ്യപ്പെട്ടിരിക്കുകയാണ്.

പൊതു വിദ്യാഭ്യാസ വകുപ്പില്‍ കെട്ടി കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടിയന്തിര നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പതിനേഴായിരത്തോളം ഫയലുകളാണ് ധനകാര്യ വകുപ്പില്‍ കെട്ടി കിടക്കുന്നത്. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചതോടെ പല ഫയലുകളിലും തീരുമാനമെടുക്കാന്‍ കഴിയാതെ വരുന്നതാണ് ധനകാര്യ വകുപ്പില്‍ ഫയലുകളുടെ എണ്ണം കൂടാന്‍ കാരണം. സാമ്പത്തികം മെച്ചപ്പെടുന്ന മുറയ്ക്ക് ഫയലിലെ ആവശ്യം പരിഗണിക്കാം എന്ന സ്ഥിരം മറുപടി തയ്യാറാക്കി അയക്കുകയാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുഭരണ വകുപ്പില്‍ കെട്ടി കിടക്കുന്നത് 11415 ഫയലുകളാണ്.

സര്‍വീസ് സംബന്ധമായ കാര്യങ്ങളാണ് ഇതില്‍ കൂടുതല്‍. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അപേക്ഷകള്‍ കൂടുതല്‍ എത്തുന്ന റവന്യൂ, തദ്ദേശസ്വയം ഭരണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ ഫയല്‍ കുന്നു കൂടുന്നത് ഭരണത്തെ തന്നെ ഗുരുതരമായി ബാധിക്കുകയാണ്.നിയമസംബന്ധമായ അഭിപ്രായങ്ങള്‍ തേടി വരുന്ന നിയമ വകുപ്പില്‍ കെട്ടി കിടക്കുന്നത് 2400 ഫയലുകളാണ്. സെക്രട്ടേറിയേറ്റില്‍ കൂടുതലും ഫയലുകള്‍ ഇ-ഫയലുകളാണ്. 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇ-ഫയലുകളുടെ എണ്ണം 81000 ആണ്. ഈ മാസം മാത്രം ഇ ഫയലുകള്‍ 27810 ആയി.

സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലെ ഫയലുകളുടെ എണ്ണം , തീര്‍പ്പ് കല്‍പിച്ചത്, കെട്ടികിടക്കുന്നതെത്ര എന്നിവയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നത് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലാണ്.എത്ര ഫയലുകള്‍ സെക്രട്ടേറിയേറ്റില്‍ കെട്ടി കിടക്കുന്നു എന്ന് നിയമസഭയില്‍ ചോദ്യം വരുമ്പോള്‍ സര്‍ക്കാര്‍ പലപ്പോഴും ഉത്തരം തരാറില്ല. സ്ഥിരം തരുന്ന മറുപടി ‘ വിവരം ശേഖരിച്ചു വരുന്നു ‘ എന്നാണ്. സെക്രട്ടേറിയേറ്റില്‍ വേറെ എന്ത് നടന്നില്ലെങ്കിലും ഒരു മാസം മുമ്പ് വരെയുള്ള ഫയല്‍ കണക്കുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് തയ്യാറാക്കും. കെട്ടി കിടക്കുന്ന ഫയല്‍ വിശദാംശങ്ങള്‍ സംബന്ധിച്ച മറുപടി വന്നാല്‍ വിമര്‍ശനം ഉണ്ടാകും എന്ന ഭയത്താലാണ് മറുപടി നല്‍കാത്തത് . കെട്ടി കിടക്കുന്ന ഫയലുകള്‍ സംബന്ധിച്ചുള്ള വിവരവകാശ ചോദ്യത്തിനു പോലും മറുപടി നല്‍കാതെ ഉഴപ്പി കളിക്കാന്‍ മിടുക്കരാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിലുള്ളത്. 4000 ത്തോളം ജീവനക്കാരാണ് സെക്രട്ടേറിയേറ്റില്‍ ഉള്ളത്. മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫും അടക്കം 600 പേര്‍ വേറെയും.

മുന്‍ കാലങ്ങളില്‍ മുഖ്യമന്ത്രിയായിരുന്നവരെല്ലാം ഫയലുകള്‍ തീര്‍പ്പാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ആഴ്ചയില്‍ നാലു ദിവസം സെക്രട്ടേറിയേറ്റില്‍ കര്‍ശനമായി മന്ത്രിമാര്‍ ഉണ്ടായിരിക്കണമെന്ന് അന്നത്തെ ഇടതു വലതു മുഖ്യമന്ത്രിമാര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. രണ്ട് മാസം കൂടുമ്പോള്‍ ഓരോ വകുപ്പും ഫയല്‍ തീര്‍പ്പാക്കല്‍ മേള നടത്തിയിരുന്നു. കോടതി സംബന്ധമായ തര്‍ക്കങ്ങള്‍ ഉള്ള ഫയലുകള്‍ മാത്രമാണ് അക്കാലത്ത് കെട്ടി കിടന്നിട്ടുള്ളത്. ഇന്നത്തെ പോലെ വീട്ടിലിരുന്ന് പോലും നോക്കാന്‍ സൗകര്യമുള്ള ഇ-ഫയലുകള്‍ അന്നില്ലായിരുന്നു എന്ന കാര്യം എടുത്ത് പറയേണ്ടതാണ്.